തൊടുപുഴ: ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.
തൊടുപുഴ പുളിയന്മലയിൽ സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞു. തൊടുപുഴ–കട്ടപ്പന റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. തൊടുപുഴ പുലിയന്മല റോഡിൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ രാത്രി എട്ട് മണിയോടെയാണ് അല്‍പമെങ്കിലും കുറഞ്ഞത്. വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞൊഴുകി. വീടുകളിൽ വെള്ളം കയറി. മൂലമറ്റം താഴ്‌വാരം കോളനിയിലെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നാടുകാണിയില്‍ മണ്ണിടിച്ചിലുണ്ടായി. കരിപ്പിലങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരംവീണ് അപകടമുണ്ടായി.