കോട്ടയം: പീരുമേട് എം.എൽ.എ വാഴൂ‍ർ സോമന് ഇന്ന് നിർണായക ദിനം. 2021ലെ പീരുമേടിൽ നിന്നുളള വാഴൂർ സോമൻെറ വിജയം ചോദ്യം ചെയ്ത് കൊണ്ടുളള ഹർജിയിൽ ഹൈക്കോടതി  വിധി പുറപ്പെടുവിക്കുന്നതാണ് വെളളിയാഴ്ച വാഴൂർ സോമന് നിർണായക ദിവസമാക്കുന്നത്. യു.ഡി.എഫ് സ്ഥാനാ‍ർത്ഥിയായിരുന്ന സിറിയക് തോമസാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചു എന്നതാണ് തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിലെ പ്രധാന ആക്ഷേപം. രാവിലെ 11നാണ് വാഴൂ‍ർ സോമന് എതിരായ തിരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതി വിധി പറയുക.
ജസ്റ്റീസ് മേരി തോമസിൻെറ ബഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഇന്ന് ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുകയാണ് ജസ്റ്റീസ് മേരി തോമസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരുന്ന വാഴൂർ സോമനെ വിജയിയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻെറ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരൻെറ വാദം. അതുകൊണ്ടുതന്നെ വാഴൂർ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിങ്ങ് ഓഫിസറുടെ നടപടി റദ്ദാക്കണമെന്നും ഹർ‍ജിക്കാരൻ ആവശ്യപ്പെടുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വാഴൂർ സോമൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അപൂർണമാണെന്ന വാദവും തിരഞ്ഞെടുപ്പ് ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. പൂർണമല്ലാത്ത നാമനിർദ്ദേശപത്രിക അംഗീകരിച്ച നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനപ്രാതിനിധ്യ നിയമത്തിലെ നൂറാം വകുപ്പ് ഉദ്ധരിച്ചുകൊണ്ടാണ് ഈ വാദം ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഇതെപ്പറ്റിയുളള വിവരങ്ങൾ മറച്ചുവെച്ചുവെന്നും ഹർജിക്കാരനായ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ആരോപിക്കുന്നുണ്ട്.
വെയർ ഹൗസിങ്ങ് കോർപ്പറേഷൻ ചെയർമാനായി ഇരിക്കെ നാമനിർദ്ദേശ പത്രിക നൽകിയത്   ഇരട്ട പദവിയുടെ പരിധിയില്‍ വരും. ബാധ്യതകളും വരുമാനവും സംബന്ധിച്ച സാക്ഷ്യപത്രം നൽകുന്നതിലും  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാഴൂർ സോമൻ വീഴ്ച വരുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാധ്യതകളും വരുമാനവും സംബന്ധിച്ച്‌ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചുവെന്നും ഇത് 2002ലെ സുപ്രിംകോടതിയുടെ വിധിയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
നാമനിർദ്ദേശ പത്രിക പരിശോധിക്കുന്നതിൽ റിട്ടേണിങ്ങ് ഓഫീസർ വീഴ്ച വരുത്തിയതായും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. നാമനിർദ്ദേശ പത്രികയിലെ ഒരു കോളവും പൂരിപ്പിക്കാതിരിക്കാൻ കഴിയില്ല. നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആവശ്യപ്പെടുന്നതിന് ബാധ്യതപ്പെട്ട  റിട്ടേണിംഗ് ഓഫീസര്‍ അതിന് തയാറായില്ല എന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
എല്ലാ കോളങ്ങളും പൂരിപ്പിക്കാത്ത, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിയില്ല എന്നതും കുറ്റകരമായ നടപടിയായി ഹർജിയിൽ എടുത്ത് കാട്ടിയിട്ടുണ്ട്. നാമനിർദ്ദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കാതിരിക്കുന്നത് സമ്മതിദായകൻെറ  അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ്ങ് ഓഫീസർ അംഗീകരിച്ചത് എന്നും ഹർജിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് വാദിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി എന്ത് തീർപ്പ് കൽപ്പിക്കും എന്നത് വാഴൂർ സോമനും സി.പി.ഐക്കും ഏറെ നിർണായകമാണ്. വിധി എതിരായാൽ പീരുമേട് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. മൂന്ന് തവണ പീരുമേട് എം.എൽ.എയായിരുന്ന ഇ.എസ്. ബിജിമോളെ മാറ്റിക്കൊണ്ടാണ് 2021ലെ തിരഞ്ഞെടുപ്പിൽ വാഴൂർ സോമന് സീറ്റ് നൽകിയത്.

മൂന്നാം തവണ പീരുമേട് മത്സരിക്കുമ്പോൾ ബിജിമോൾ, വാഴൂർ സോമൻ തന്നെ തോൽപ്പിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന  കാനം രാജേന്ദ്രൻെറ അടുപ്പക്കാരൻ എന്ന പരിഗണനയിലാണ് ജില്ലാ ഘടകത്തിൻെറ എതിർപ്പുണ്ടായിട്ടും വാഴൂർ സോമന് പീരുമേട് സീറ്റ് ലഭിച്ചത്. എം.എൽ.എയായ ശേഷം നിരവധി വിവാദങ്ങളാണ് സോമനെ ചുറ്റിപ്പറ്റി ഉയർന്നത്.
പി.എസ്.സി നിയമനം വേഗത്തിലാക്കി കൊടുക്കാമെന്ന് ഉറപ്പ് നൽകി പഴ്സണൽ സ്റ്റാഫ് ഉദ്യോഗാർത്ഥിയിൽ നിന്ന് പണം വാങ്ങിയ സംഭവമായിരുന്നു പ്രധാന വിവാദം. പണം നൽകിയിട്ടും ജോലി ശരിയാകാതെ വന്നപ്പോൾ പരാതി പറയാനെത്തിയ ഉദ്യോഗാർത്ഥിയോട് എല്ലാം ശരിയാകും എന്ന് ഉറപ്പ് കൊടുത്തത് എം.എൽ.എയായിരുന്നു. എന്നിട്ടും പഴ്സണൽ സ്റ്റാഫിനെ തൽക്കാലത്തേക്ക് ഒഴിവാക്കിയതല്ലാതെ വാഴൂർ സോമനെതിരെ സി.പി.ഐ നടപടിയൊന്നും എടുത്തില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുളള വ്യക്തിപരമായ അടുപ്പമാണ് സോമന് തുണയായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *