മലപ്പുറം: യു.ഡി.എഫിൽ നിന്ന് ഉറപ്പായ രാജ്യസഭാ സീറ്റിൽ ആരെ തിരഞ്ഞെടുക്കണം എന്നതിനെ ചൊല്ലി മുസ്ളീം ലീഗിൽ ഭിന്നത. രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടും സീറ്റിന് അവകാശവാദം ഉന്നയിച്ച് വ്യത്യസ്ത ചേരികൾ പരസ്യമായി രംഗത്ത് വന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വ്യത്യസ്ത അഭിപ്രായങ്ങളുമായി നേതാക്കൾ രംഗത്ത് വന്നതോടെ പാർട്ടിയിലെ ഭിന്നതയും പരസ്യമായി. യുവാക്കൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതൃത്വമാണ് ശക്തമായി രംഗത്ത് വന്ന ഒരു വിഭാഗം. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് രാജ്യസഭയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യവുമായി കളത്തിലിറങ്ങിയിട്ടുളളത്.
ലോകസഭാ സീറ്റ് ആവശ്യപ്പെട്ടപ്പോൾ പിന്നീട് പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയ പാർട്ടി നേതൃത്വം രാജ്യസഭയിലേക്ക് യുവാക്കളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിറോസ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഫിറോസിൻെറ വാദങ്ങൾക്ക് മറുപടിയെന്നോണമുളള പ്രതികരണങ്ങളുമായി തീപ്പൊരി നേതാവ് കെ.എം.ഷാജി രംഗത്ത് വന്നതോടെ പാർട്ടിയിലെ ഭിന്നത പരസ്യമായി.
യുവാക്കളെ പരിഗണിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും രാജ്യസഭ മുതിർന്നവരുടെ സഭയാണെന്നും പരിണിത പ്രജ്ഞരായ നേതാക്കളാണ് പോകേണ്ടതെന്നും ആയിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം. പരിണിത പ്രജ്ഞർ എന്നാൽ പ്രായമായവരല്ലെന്നും പാണ്ഡിത്യമുളളവർ ആണെന്നുമുളള പ്രതികരണവുമായി പി.കെ.ഫിറോസ് തിരിച്ചടിച്ചു. ഇതോടെ ഒരിക്കലും ഇല്ലാത്തവിധം ലീഗിലെ അഭിപ്രായ ഭിന്നത മറനീക്കി.
സീറ്റിനെചൊല്ലി ഭിന്നാഭിപ്രായങ്ങളുമായി രംഗത്തുളള രണ്ട് വിഭാഗത്തിനും അവരുടേതായ താൽപര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.എങ്ങനെയെങ്കിലും രാജ്യസഭാ സീറ്റ് കരസ്ഥമാക്കുക എന്നതാണ് പി.കെ. ഫിറോസ് അടക്കമുളള യൂത്ത് ലീഗ് നേതാക്കളുടെ ലക്ഷ്യം.പാർട്ടിയിൽ എല്ലാക്കാലവും യുവാക്കൾ തഴയപ്പെടുന്നുവെന്ന വികാരം പേറുന്ന യൂത്ത് ലീഗ് നേതൃത്വം ഇത്തവണ അത് നേടിയെടുക്കണമെന്ന വാശിയിലുമാണ്.
ലോകസഭാ തിരഞ്ഞടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിനായി പാർട്ടിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയത് യൂത്ത് ലീഗ് ആയിരുന്നു. അപ്പോഴും യുവാക്കൾക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നീക്കം.എന്നാൽ രാജ്യസഭാ സീറ്റിന് വഴങ്ങി മൂന്നാം സീറ്റ് ആവശ്യത്തിൽ പാർട്ടി നേതൃത്വം വിട്ടുവീഴ്ച ചെയ്തു. മൂന്നാം സീറ്റിനായി സമ്മർദ്ദം ചെലുത്തിയ യൂത്ത് ലീഗിന് രാജ്യസഭാ സീറ്റിന് ന്യായമായും അർഹതയുണ്ടെന്ന വികാരത്തിലാണ് യൂത്ത് ലീഗ് നേതൃത്വം സീറ്റിനായി നിലയുറപ്പിച്ചിരിക്കുന്നത്. യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, ഫൈസൽ ബാബു, സുപ്രിംകോടതിയിലെ അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരുടെ പേരുകളാണ് യുവാക്കൾ എന്നനിലയിൽ രാജ്യസഭാ സീറ്റിനായി മുന്നോട്ട് വെയ്ക്കുന്നത്.
മുതിർന്ന നേതാക്കളുടെ വേദിയാണ് രാജ്യസഭയെന്ന വാദം ഉയർത്തുന്ന കെ.എം.ഷാജിക്കുമുണ്ട് ലക്ഷ്യങ്ങൾ. ഇപ്പോഴത്തെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന് രാജ്യസഭാ സീറ്റ് ലഭിക്കുക എന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗത്തിലെ മുൻനിരക്കാരനായ കെ.എം.ഷാജിയുടെ ലക്ഷ്യങ്ങളിൽ ഒന്ന്. അത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ത അനുയായിയായ സലാമിനോടുളള സവിശേഷ താൽപര്യം കൊണ്ടല്ല. രാജ്യസഭാംഗം ആയാൽ സലാമിനെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും എന്നതിലാണ് ഷാജിയുടെ കണ്ണ്.
സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ പകരം ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് കടന്നുവരാൻ ഡോ.എം.കെ.മുനീറിനും കെ.എം.ഷാജിക്കും താൽപര്യം ഉണ്ട്.ജനറൽ സെക്രട്ടറിയാകാനുളള ആഗ്രഹം കെ.എം.ഷാജി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.ഇങ്ങനെ വ്യത്യസ്ത താൽപര്യങ്ങളും ലക്ഷ്യങ്ങളുമായി ലീഗ് നേതൃത്വം പലചേരിയായി നിന്ന് പോരടിക്കുമ്പോൾ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമുളള പാർട്ടിയിൽ ഇങ്ങനെയൊക്കെ നടക്കുമോയെന്ന് പ്രവർത്തകർ അത്ഭുതം കൂറുകയാണ്.
പി.കെ.കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് സീറ്റിന് വേണ്ടിയുളള അവകാശവാദങ്ങൾ പരസ്യമായി ഉന്നയിക്കാൻ യൂത്ത് ലീഗ് നേതൃത്വത്തിന് അടക്കം ധൈര്യം വന്നത്. കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം യൂത്ത് ലീഗുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. സീറ്റിന് വേണ്ടി യൂത്ത് ലീഗ് നേതൃത്വം എല്ലാസമ്മർദ്ദവും ചെലുത്തുന്നുണ്ടെങ്കിലും യുവാക്കളെ രാജ്യസഭയിലേക്ക് വിടുന്നതിൽ പാർട്ടിയിൽ ഏകാഭിപ്രായമില്ല.
പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് പാർലമെന്റിൽ എത്താൻ കാലം ബാക്കിയുള്ളവർ രാജ്യസഭ ആഗ്രഹിക്കുന്നതിലുള്ള വിരോധാഭാസം ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്.പരിണിത പ്രജ്ഞർ രാജ്യസഭയിലേക്ക് പോകട്ടെയെന്ന കെഎം ഷാജിയുടെ പ്രതികരണം ഈ ദിശയിലുളളതാണ്.പി.എം.എ സലാമിനെ രാജ്യസഭയിലേക്ക് അയച്ച് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ആ പദവിയിലേക്ക് എത്തുകയുമാണ് ഷാജിയുടെ ലക്ഷ്യമെന്ന് യൂത്ത് ലീഗ് നേതൃത്വത്തിനും ബോധ്യമുണ്ട്.
സലാമിനെ രാജ്യസഭയിലേക്ക് അയക്കുമ്പോൾ ജനറൽ സെക്രട്ടറി പദവിയെന്ന അധികാര സ്ഥാനം നഷ്ടപ്പെടുമോയെന്ന ആശങ്ക കുഞ്ഞാലിക്കുട്ടി വിഭാഗത്തിലും പടരുന്നുണ്ട്.എല്ലാക്കാലത്തും കുഞ്ഞാലിക്കുട്ടിയുടെ കൈപ്പിടിയിലായിരുന്ന പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാൻ പാടില്ലെന്ന വികാരമാണ് കുഞ്ഞാലി കുട്ടി പക്ഷത്തുളളത്. രാജ്യസഭാ സീറ്റിലും ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടായിരിക്കും നിർണായകമാകുക.
യുവാക്കൾക്ക് അവസരം നൽകുന്നതിനോട് സാദിഖലി തങ്ങൾക്ക് പൊതുവിൽ യോജിപ്പാണ്.എന്നാൽ സാദിഖലി തങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുന്ന അഭിപ്രായം കുഞ്ഞാലിക്കുട്ടിയിൽ നിന്നുമാണ് ഉണ്ടാകുക.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാജ്യസഭാ സീറ്റിൻെറ കാര്യം വിശദമായി ചർച്ച ചെയ്താൽ മതിയെന്നാണ് നേതൃത്വത്തിലെ ധാരണ.