കോട്ടയം: കൊടും ചൂടിനു പിന്നാലെ കോട്ടയത്തെ മുക്കി അതി തീവ്രമഴയും വ്യാപക കൃഷിനാശവും. മാർച്ച് ഏപ്രിൽ മാസങ്ങളിലും മെയ് രണ്ടാം വാരാം വരെയും ജില്ലയിൽ അനുഭവപ്പെട്ടത് കൊടും ചൂടാണ്. പകൽ 40 ഡിഗ്രി സെൽഷ്യസിനോടടുത്ത് താപനില ഉയർന്നപ്പോൾ ജില്ലയിലെ പച്ചക്കറി, വാഴ, കുരുമുളക് ഉൾപ്പടെയുള്ള കാർഷിക വിളകൾ കരിഞ്ഞുണങ്ങി കർഷകന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. പിന്നീട് ആശ്വാസമായി വേനൽ മഴ എത്തിയതോടെ പലരും വിത്തുവാങ്ങി വീണ്ടും കൃഷിയിറക്കി. കഴിഞ്ഞ രണ്ടു ദിവസത്തെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇവ നശിച്ചു.
അയർക്കുന്നം അടക്കമുള്ളപ്രദേശങ്ങളിൽ വെള്ളം കയറിയതോടെ പ്രദേശത്തെ കപ്പ കർഷകരും ദുരിതത്തിലാണ്.ഒൻപതാം മാസം വിളവെടുപ്പു തുടങ്ങിയപ്പോഴാണ് മിന്നല്‍പ്രളയം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കപ്പ അപ്പാടെ പറിച്ചുമാറ്റാന്‍ നിര്‍ബന്ധിതരായി.കടകളില്‍ കപ്പ ചില്ലറവില കിലോ 40 രൂപ ഉണ്ടായിരുന്നപ്പോൾ അയര്‍ക്കുന്നം പുന്നത്തുറയിലെ കര്‍ഷകരില്‍നിന്ന് മൊത്ത കച്ചവടക്കാര്‍ വാങ്ങുന്നത് 22 രൂപയ്ക്കായിരുന്നു. പിന്നാലെയാണ് മീനച്ചിലാറിനോടും പന്നകം തോടിനോടും ചേര്‍ന്ന കപ്പത്തോട്ടങ്ങളിലേക്ക് മലവെള്ളം ഇരച്ചുകയറിയത്.
പരിചയമുള്ള കപ്പക്കച്ചടക്കാരെയെല്ലാം വിളിച്ച് കപ്പ വാങ്ങി സഹായിക്കാമോയെന്നു ചോദിച്ചപ്പോള്‍ ഏറെപ്പേര്‍ക്കും വേണ്ട. കപ്പ വിറ്റശേഷം എത്രയെങ്കിലും വില തരാമെന്നു പറഞ്ഞ് ചിലര്‍ കുറെ കപ്പ വാങ്ങിക്കൊണ്ടുപോയി. പരമാവധി പത്തോ പതിനഞ്ചോ രൂപ കിലോയ്ക്ക് കര്‍ഷകര്‍ക്ക് കിട്ടിയാലായി. കുറെച്ചെങ്കിലും വിറ്റുപോയാല്‍ നഷ്ടം അത്രയും കുറയുമല്ലോയെന്നാണ് കർഷകര്‍ പറയുന്നത്.