മസ്ക്കറ്റ്: പ്രവാസികളുടെ മെഡിക്കൽ പരിശോധന കൂടുതൽ സുതാര്യമാക്കി ഒമാൻ. ഇതിന്റെ ഭാഗമായി പുതിയ മെഡിക്കൽ ഫിറ്റ്നസ് എക്സാമിനേഷൻ സർവീസ്(എംഎഫ്ഇഎസ്) ആരംഭിച്ചിരിക്കുകയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം.
മെഡിക്കൽ പരിശോധനയുടെ സുതാര്യതയും സമയ ലാഭവും വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതും ഉറപ്പാക്കുകയാണ് എം.എഫ്.ഇ.എസിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
പുതിയ സംവിധാനത്തിൽ എക്സ്റേ എടുക്കേണ്ട ആവശ്യമില്ല. പകരം, ഇഖ്റ ടെസ്റ്റ് (രക്തപരിശോധന) പൂർത്തിയാക്കുകയാണ് ചെയ്യേണ്ടത്. കൂടാതെ, നേരത്തെ ഉദ്യേഗാർത്ഥികളുടെ വിരലടയാളവും ഫോട്ടോയും ബന്ധപ്പെട്ട വിസ മെഡിക്കൽ സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു അപ്ലോഡ് ചെയ്തത്. എന്നാൽ എം.എഫ്.ഇ.എസ് വഴി ഇനി മുതൽ ആരോഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാനും സാധിക്കും.
എംഎഫ്ഇഎസിൽ പ്രവാസികൾക്ക് മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൂടാതെ സനദ് ഓഫീസുകളിലും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴിയും വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.