ന്യൂഡല്‍ഹി: 1982-ൽ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ ‘ഗാന്ധി’ എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വിവാദമായി. വാർത്താ ചാനലായ എബിപിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി വിവാദപരാമര്‍ശം നടത്തിയത്.
“മഹാത്മാഗാന്ധി ലോകത്തിലെ ഒരു മഹാത്മാവായിരുന്നു. ഈ 75 വർഷത്തിനിടയിൽ, മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ ? അദ്ദേഹത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. പക്ഷേ അദ്ദേഹത്തെ കുറിച്ച് ലോകത്ത് ആദ്യമായി ഒരു ആകാംക്ഷയുണ്ടായത് ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണ്. നമ്മള് അത് ചെയ്തില്ല,” പ്രധാനമന്ത്രി അഭിമുഖത്തിനിടെ പറഞ്ഞു.
മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ടേലയെയും പോലെയുള്ള മറ്റ് നേതാക്കളെ കുറിച്ച് ലോകം ബോധവാന്മാരാണെങ്കിൽ, മഹാത്മാഗാന്ധി അവരേക്കാള്‍ ഒട്ടും ചെറുതല്ല. ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് താനിത് പറയുന്നതെന്നും മോദി പ്രതികരിച്ചു.
ടിവി അഭിമുഖത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രധാനമന്ത്രിയുടെ പരാമർശത്തെ കോൺഗ്രസ് വിമർശിച്ചു. പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ പാരമ്പര്യം നശിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
पता नहीं निवर्तमान प्रधानमंत्री कौन सी दुनिया में रहते हैं जहां 1982 से पहले महात्मा गांधी दुनिया भर में नहीं माने जाते थे।यदि किसी ने महात्मा की विरासत को नष्ट किया है तो वह स्वयं निवर्तमान प्रधानमंत्री ही हैं। वाराणसी, दिल्ली और अहमदाबाद में उनकी ही सरकार ने गांधीवादी…
— Jairam Ramesh (@Jairam_Ramesh) May 29, 2024
1982-ന് മുമ്പ് മഹാത്മാഗാന്ധിയെ ലോകമെമ്പാടും അംഗീകരിക്കാതിരുന്ന ഒരു ലോകത്താണ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജീവിക്കുന്നതെന്ന് തോന്നുന്നുവെന്ന് ജയറാം രമേശ് ‘എക്സി’ലൂടെ പ്രതികരിച്ചു.
”മഹാത്മാഗാന്ധിയുടെ പാരമ്പര്യം ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തന്നെയാണ്. വാരണാസിയിലും ഡൽഹിയിലും അഹമ്മദാബാദിലും ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത് അദ്ദേഹത്തിൻ്റെ സർക്കാരാണ്. മഹാത്മാഗാന്ധിയുടെ ദേശീയത മനസ്സിലാക്കുന്നില്ല എന്നതാണ് ആർഎസ്എസ് പ്രവർത്തകരുടെ മുഖമുദ്ര. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്സെയെ ഗാന്ധിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മഹാത്മയുടെ ഭക്തരും ഗോഡ്സെയുടെ ഭക്തരും തമ്മിലുള്ള പോരാട്ടമാണെന്നും ജയറാം രമേശ് പറഞ്ഞു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിൻ്റെ ഗോഡ്സെ ഭക്തരായ സഹപ്രവർത്തകരുടെയും പരാജയം സുനിശ്ചിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.