കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.
കോട്ടയത്തിനുപുറമെ ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. രാത്രി ഏഴ് മണിമുതൽ രാവിലെ ആറുമണിവരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടമുണ്ടായി. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നിലവ്, പാല-ഈരാറ്റുപേട്ട, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.