ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും, ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനം കൊണ്ട് ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിച്ച താരമാണ് റിങ്കു സിംഗ്. എന്നാല്‍ ടി20 ലോകകപ്പിലെ 15 അംഗ ടീമില്‍ താരം ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും, റിസര്‍വ് ലിസ്റ്റില്‍ മാത്രമാണ് റിങ്കു ഇടംപിടിച്ചത്. ഇത്തവണത്തെ ഐപിഎല്ലിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ റിങ്കുവിന് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. എങ്കിലും കഴിഞ്ഞ ഏതാനും സീസണുകളായി കൊല്‍ക്കത്തയുടെ പ്രധാന താരങ്ങളിലൊരാളാണ് റിങ്കു.
ടീമിന്റെ മികച്ച ഫിനിഷറായിട്ടും 55 ലക്ഷം മാത്രമായിരുന്നു താരത്തിന്റെ പ്രതിഫലം. താരലേലത്തില്‍ റിങ്കുവിന് കോടികള്‍ ലഭിക്കുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് റിങ്കു നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. 
സഹതാരം മിച്ചല്‍ സ്റ്റാര്‍ക്കിന് 24.75 കോടി പ്രതിഫലം ലഭിക്കുമ്പോള്‍ താങ്കള്‍ക്ക് 55 ലക്ഷം മാത്രമല്ലേ ലഭിക്കുന്നുള്ളൂ എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ റിങ്കു നേരിട്ട ചോദ്യം. എന്നാല്‍ 55 ലക്ഷം പോലും തനിക്ക് ധാരാളമെന്നായിരുന്നു താരത്തിന്റെ മറുപടി. റിങ്കുവിന്റെ ഈ മറുപടി കൈയ്യടി നേടുകയാണ്.
“50-55 ലക്ഷം പോലും ധാരാളമാണ്. തുടങ്ങിയപ്പോൾ ഇത്രയും സമ്പാദിക്കുമെന്ന് പോലും കരുതിയിരുന്നില്ല. കുട്ടിയായിരുന്ന സമയത്ത് 5-10 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു. ഇപ്പോൾ എനിക്ക് 55 ലക്ഷം രൂപ കിട്ടുന്നുണ്ട്. അതുകൊണ്ട് ഇത് ഒരുപാടാണ്. ദൈവം എന്ത് തന്നാലും സന്തോഷിക്കണം. ഇതാണ് എൻ്റെ ചിന്ത. എനിക്ക് ഇത്രയും പണമോ ഇത്രയധികമോ ലഭിക്കേണ്ടിയിരുന്നതായി എനിക്ക് തോന്നുന്നില്ല. 55 ലക്ഷം രൂപയിൽ പോലും ഞാൻ വളരെ സന്തോഷവാനാണ്. ഇതൊന്നും ഇല്ലാതിരുന്നപ്പോഴാണ് പണത്തിൻ്റെ വില എനിക്ക് മനസിലായത്,” അഭിമുഖത്തിൽ റിങ്കു പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *