നരേന്ദ്ര മോദി മുതൽ സച്ചിൻ വരെ, ഇന്ത്യൻ കോച്ചാകാന്‍ വ്യാജ പേരുകളില്‍ ബിസിസിഐക്ക് ലഭിച്ചത് 3000ത്തോളം അപേക്ഷകള്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുന്‍ നായകന്‍ എം എസ് ധോണി വരെയുള്ളവരുടെ ബിസിസിഐക്ക് ലഭിച്ചത് 3000ത്തോളം അപേക്ഷകള്‍. ഇതുവരെ ലഭിച്ച 3000ത്തോളം അപേക്ഷകളില്‍ ഭൂരിഭാഗവും  പ്രമുഖരുടെ പേര് വ്യാജമായി ഉപയോഗിച്ചാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്‍, ധോണി എന്നിവര്‍ക്ക് പുറമെ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ് എന്നിവരുടെയെല്ലാം പേരുകളില്‍ ഒന്നിലേറെ അപേക്ഷകള്‍ ബിസിസിഐക്ക് കിട്ടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരുകളിലും അപേക്ഷകള്‍ ലഭിച്ചത്.

‘വിക്കറ്റ് കീപ്പറായി എന്‍റെ ടീമിലും അവൻ തന്നെ’; ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് ഗൂഗിള്‍ ഫോമില്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ആകെ ലഭിച്ച അപേക്ഷകളില്‍ എത്രപേര്‍ യഥാര്‍ത്ഥ അപേക്ഷകരുണ്ടെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായല്ല ബിസിസിഐക്ക് ഇത്തരത്തില്‍ വ്യാജ അപേക്ഷകള്‍ ലഭിക്കുന്നത്. 2022ല്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖരുടെ പേരുകളില്‍ ലഭിച്ചത് 5000ത്തോളം വ്യാജ അപേക്ഷകളായിരുന്നു. അതിനുശേഷം താല്‍പര്യമുള്ളവരോട് ഇ-മെയിലില്‍ അപേക്ഷ നല്‍കാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഗൂഗിള്‍ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. ഒരു ഷീറ്റില്‍ നിന്നുതന്നെ യഥാര്‍ത്ഥ അപേക്ഷകരെ കണ്ടെത്താന്‍ എളുപ്പമാണെന്നതിനാലായിരുന്നു ഇത്. കോച്ചകാനുള്ള യോഗ്യതയില്‍ ബിസിസിഐ പ്രധാനമായും എടുത്തു പറഞ്ഞിരുന്നത് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിനൊപ്പം കളിക്കാരുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനും അറിയണമെന്നതായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഏത് സാഹചര്യത്തിലും ലോകോത്തര നിലവാരമുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്നും നിലവിലെ താരങ്ങളെയും ഭാവി തലമുറയെയും രൂപപ്പെടുത്താന്‍ കഴിയുന്ന ആളാകണമെന്നും അപേക്ഷ ക്ഷണിച്ചപ്പോള്‍ ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഗൗതം ഗംഭീറല്ല, ഇന്ത്യന്‍ കോച്ച് ആവേണ്ടത് എം എസ് ധോണിയെന്ന് വിരാട് കോലിയുടെ പരിശീലകന്‍

രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിനുശേഷമായിരിക്കും പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുക. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് പുതിയ പരിശീലകന്‍റെ കാലാവധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin