കോട്ടയം: ഡി.സി.സി മന്ദിരം പുതുക്കി പണിയാനുള്ള നിര്‍ദേശം ഡി.സി.സി നേതൃയോഗത്തില്‍ മുന്നോട്ട് വെച്ച് അധ്യക്ഷന്‍ നാട്ടകം സുരേഷ്. പിന്നാലെ അധ്യക്ഷ സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള നാട്ടകം സുരേഷിന്റെ നീക്കമെന്ന ആരോപണവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു.
ഡി.സി.സി നേതൃയോഗത്തിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാത്തെ പതിനാലു ഡി.സി.സി പ്രസിഡന്റുമാരില്‍ 10 പേരെ മാറ്റാന്‍ കെ.പി.സി.സി. നേതൃത്വം തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യ മൂന്നു പേരുകാരില്‍ ഒരാളാണു കോട്ടയം ഡി.സി.സി. അധ്യക്ഷന്‍ നാട്ടകം സുരേഷ്.
ഇതിനിടെയാണു ചൊവ്വാഴ്ച ഡി.സി.സി നേതൃയോഗം ചേര്‍ന്നത്. യോഗത്തില്‍ പുതിയ മന്ദിര നിര്‍മാണം നാട്ടകം സുരേഷ് മുന്നോട്ടു വെച്ചു. പിന്നാലെ ശക്തമായ ഏതിര്‍പ്പുമായി കരുണാകര പക്ഷം നേതാക്കള്‍ രംഗത്തുവന്നു.
തിരുവനന്തപുരത്തു നിര്‍മിക്കുന്ന കരുണാകര മന്ദിരത്തിനായി കെ.പി.സി.സി. നേതൃത്വം ഫണ്ട് പിരിവ് ആരംഭിച്ചിരുന്നു. മന്ദിര നിര്‍മാണത്തിനായി 50 ലക്ഷം വീതം നല്‍കണമെന്നാണു കെ.പി.സി.സി. ഡി.സി.സികള്‍ക്കു നല്‍കിയ നിര്‍ദേശം. എന്നാല്‍, കോട്ടയം ഡി.സി.സി ഒഴികെ ബാക്കി എല്ലാ ഡി.സി.സികളില്‍ നിന്നും പണം ലഭിച്ചു.
കോട്ടയത്ത് നിന്നുള്ള ഫണ്ട് കിട്ടാത്തതില്‍ കെ.പി.സി.സി. അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ കെ. മുരളീധരനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ഫണ്ട് പിരിവിനായി കോട്ടയത്തേക്ക് എത്താന്‍ ഇരിക്കെയാണു ഡി.സി.സി മന്ദിരം പുതുക്കിപണിയാന്‍ നാട്ടകം സുരേഷ് നിര്‍ദേശം മുന്നോട്ടുവെച്ചത്. പിന്നാലെ കരുണാകര മന്ദിരത്തിനുള്ള ഫണ്ട് നല്‍കിയിട്ടുമതി പുതിയ ഡി.സി.സി മന്ദിരമെന്നു പറഞ്ഞു ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതിഷേധിച്ചു.
നിര്‍മാണത്തിനുള്ള ഫണ്ട് ഉടന്‍ നല്‍കണമെന്നും, ഡി.സി.സിയുടെ കൈയിലുള്ള പണം എടുത്ത ശേഷം മതി ജനങ്ങളില്‍ നിന്നുള്ള പിരിവ് ആരംഭിക്കാനെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു. നാട്ടകം സുരേഷിന്റെ നിലപാടിനെതിരെ ഐ ഗ്രൂപ്പ് നേതാക്കൾ കെ.പി.സി.സിക്കു പരാതി നല്‍കി.
അതേ സമയം ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് അടക്കമുള്ളവർ കെട്ടിട നിര്‍മാണത്തില്‍ പരസ്യമായ നിലപാട് സ്വീകരിക്കാത്തതും ശ്രദ്ധേയമായി. 250 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ ആകെ 73 പേര്‍ മാത്രമാണു പങ്കെടുത്തത്. ഡി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണു പലരും യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് അറിയുന്നത്.