കോട്ടയം: ജില്ലയില്‍ താഴ്ന്ന സ്ഥലങ്ങളിൽ റോഡുകളടക്കം വെള്ളത്തില്‍, യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത വേണം. രാവിലെ മുതല്‍ തകര്‍ത്തു പെയ്ത മഴയില്‍ പല ഭാഗത്തും ഗതാഗതം തടസപ്പെട്ട അവസ്ഥയിലാണ്. പലയിടത്തും റോഡേതെന്നോ തോടേതെന്നോ അറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണു വെള്ളം ഒഴുകുന്നത്. രാത്രിയില്‍ മഴ ശക്തമായാല്‍ വീണ്ടും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയ ഭാഗങ്ങളിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കേണ്ടതാണ്. ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്. 

ഈരാറ്റുപേട്ട ടൗണ്‍ ക്രോസ്‌വേ, ആപ്പാഞ്ചിറ പെട്രോള്‍ പമ്പിനു സമീപമുള്ള റോഡ്, പനച്ചിക്കാട് അമ്പാട്ടുകടവ്, കെ.കെ റോഡില്‍ പാമ്പാടി വട്ടമല ഭാഗം, പാമ്പാടി പെട്രോള്‍ പമ്പിനു സമീപം, പൂവരണി മഹാദേവ ക്ഷേത്രം എന്നിവിടെങ്ങളിലെല്ലാം വന്‍തോതില്‍ വെള്ളം കയറി.  

അതേസമയം പാലായിലേക്കു വലിയ തോതില്‍ പെയ്ത്തുവെള്ളമെത്തുന്നുണ്ട്. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ മുന്നാനിയില്‍ റോഡ്, കൊട്ടാരമറ്റം റോഡ് എന്നിവിടങ്ങളില്ലൊം വെള്ളം കയറിയിട്ടുണ്ട്. മഴ മാറി നിന്നിട്ടു പോലും, ആറ്റിലേയും, തോട്ടിലേയും, ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞ ശേഷം മഴ മാറി നില്‍കുന്നതില്‍ കൊണ്ട് ഒരടി വെള്ളം കൂടി ഉയര്‍ന്നശേഷം ജലനിരപ്പ് കുറയുവാന്‍ സാധ്യതയുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. 

പാലാ പൊന്‍കുന്നം റോഡിലും കനത്ത മഴയെത്തുടര്‍ന്നു വെള്ളം കയറി. കുമ്പാനി, വായനശാലാ കുറ്റില്ലം, കടയം എന്നിവടങ്ങളിലാണു വെള്ളം കയറിയത്. ചെറുവാഹനങ്ങള്‍ കടന്നു പോകാന്‍ പറ്റാത്ത രീതിയില്‍ റോഡില്‍ വെള്ളം ഉണ്ട്. ഈ പ്രദേശങ്ങളിലെ വിവിധ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടൊപ്പം വൈക്കത്തെ നിരവധി പ്രദേശങ്ങളലും വെള്ളത്തിലയാണ്. ജില്ലയില്‍ രണ്ടു ക്യാമ്പുകള്‍ ഇതിനോടകം ആരംഭിച്ചു. മാഞ്ഞൂര്‍ വില്ലേജില്‍ കുറുപ്പുന്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 7 കുടുംബവും ഏറ്റുമാനൂര്‍ വില്ലേജ് ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ക്യാമ്പില്‍ 4 കുടുംബങ്ങളുമാണു കഴിയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *