പാരസെറ്റമോളില്‍ മാരക വൈറസോ? ഗുളിക കഴിക്കരുത് എന്നാവശ്യപ്പെടുന്ന സന്ദേശത്തിന്‍റെ വസ്തുത

പാരസെറ്റമോളില്‍ മാരക വൈറസോ? ഗുളിക കഴിക്കരുത് എന്നാവശ്യപ്പെടുന്ന സന്ദേശത്തിന്‍റെ വസ്തുത

ഏറ്റവും പ്രചാരത്തിലുള്ള മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. പനി അടക്കമുള്ള രോഗങ്ങള്‍ക്ക് പാരസെറ്റമോള്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. മനുഷ്യരുടെ അവശ്യമരുന്നുകളിലൊന്നായി മാറിയ പാരസെറ്റമോളില്‍ വൈറസ് അടങ്ങിയിട്ടുണ്ടോ? പാരസെറ്റമോളില്‍ വൈറസുണ്ടെന്നും അതിനാല്‍ മരുന്ന് കഴിക്കരുത് എന്നും പറഞ്ഞുള്ള പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

P-500 എന്ന പാരസെറ്റമോള്‍ കഴിക്കരുത് എന്നാവശ്യപ്പെട്ടാണ് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ പാരസെറ്റമോളില്‍ Machupo എന്ന മാരക വൈറസ് അടങ്ങിയിരിക്കുന്നു എന്ന് സന്ദേശത്തില്‍ പറയുന്നു. ‘P-500 എന്ന് എഴുതിയിട്ടുള്ള പാരസെറ്റമോള്‍ ആരും കഴിക്കരുത്. ഈ ഗുളികയില്‍ Machupo വൈറസ് അടങ്ങിയിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നാണ് Machupo. മരണനിരക്ക് വളരെ കൂടുതലാണ്. ഇക്കാര്യം എല്ലാവരിലും ഷെയര്‍ ചെയ്‌ത് എത്തിക്കുക, അങ്ങനെ ജീവന്‍ രക്ഷിക്കുക. ഞാന്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും’ എന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ എഴുതിയിരിക്കുന്നു. പാരസെറ്റമോള്‍ P-500ന്‍റെ ചിത്രം സഹിതമാണ് പ്രചാരണം.

പാരസെറ്റമോളില്‍ മാരക വൈറസോ? ഗുളിക കഴിക്കരുത് എന്നാവശ്യപ്പെടുന്ന സന്ദേശത്തിന്‍റെ വസ്തുത

വസ്‌തുത

വൈറല്‍ സന്ദേശത്തിലെ വിവരങ്ങള്‍ വ്യാജവും ഏറെക്കാലമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമാണ്. കുറഞ്ഞത് 2017 മുതലെങ്കിലും ഈ തെറ്റായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് കാണാം. കഴിഞ്ഞ വര്‍ഷവും പാരസെറ്റമോള്‍ P-500നെ കുറിച്ച് സമാന വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. വൈറസ് ബാധയേറ്റവരുടെ ചിത്രങ്ങള്‍ എന്നവകാശപ്പെടുന്നവരുടെ ഫോട്ടോകള്‍ സഹിതമായിരുന്നു മുമ്പത്തെ പ്രചാരണങ്ങള്‍ എന്ന് പരിശോധനയില്‍ വ്യക്തമായി. 

മാത്രമല്ല, പാരസെറ്റമോളിനെ കുറിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. P-500 എന്ന പാരസെറ്റമോള്‍ ഗുളികയില്‍ മാരക വൈറസുണ്ട് എന്ന പ്രചാരണം ഇക്കാരണങ്ങളാല്‍ വ്യാജമാണ്. 

Read more: ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ ദൃശ്യമോ? നടുക്കുന്ന വീഡിയോയുടെ വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin