കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കന്‍ മേഖലകളെയും ബംഗ്ലാദേശിനെയും ബാധിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് പശ്ചിമ ബംഗാളില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകും.
പശ്ചിമ ബംഗാള്‍, ബംഗ്ലാദേശിന്റെ തീരദേശ മേഖലകള്‍, ത്രിപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍ എന്നിവയെ പ്രത്യക്ഷമായി ബാധിക്കാം. ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ഈ മാസം 28 വരെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 110-120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും, ഇത് പരമാവധി 135 കിലോമീറ്റര്‍ വരെ വേഗതയില്‍ എത്താം.

നിലവില്‍ ബംഗാള്‍ തീരത്ത് നിന്നും 240 കിലോമീറ്റര്‍ അകലെയാണ് റിമാല്‍. ഇന്ന് രാത്രി 11 മണിയോടെ ബംഗ്ലാദേശിലെ ഖേപുപാറയ്ക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപുകള്‍ക്കും സമീപമാകും കാറ്റ് കരതൊടുക.ചുഴലിക്കാറ്റ് വ്യോമ, റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് ഉച്ച മുതല്‍ ഇരുപത്തിയൊന്ന് മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. 394 വിമാനങ്ങളാണ് ആകെ റദ്ദാക്കിയത്. ചില ട്രെയിനുകള്‍ റദ്ദാക്കിയതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു.
ബംഗാളിലെ സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകും. ചുഴലികാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 115,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed