ആലപ്പുഴ: ചെങ്ങന്നൂരിൽ 15 കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികളും കൂട്ടാളികളും പിടിയിൽ. നിരവധി ക്രിമിനൽ കേസ് പ്രതികളായ കിരൺ (കീരി), സംഗീത് (സഞ്ചു) എന്നിവരും അവരുടെ കൂട്ടാളികളുമാണ് ലഹരി വിരുദ്ധ സ്കോഡിന്റെയും ചെങ്ങന്നൂർ പോലീസിന്റെയും പിടിയിലായിലായത്.
സുജിത്ത് രവീന്ദ്രൻ, അമൽ രഘു, സന്ദീപ്, ശ്രീജിത്ത്, എന്നിവരെ വാഹനങ്ങൾ സഹിതമാണ് ചെങ്ങന്നുർ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ വെച്ച് പോലീസ് പിടികൂടിയത്.
ജില്ലാ പോലിസ് മേധവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ്റെ നേത്വത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്പി കെ എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചെങ്ങന്നൂർ എസ്ച്ച്ഒ ദേവരാജൻ, എസ്ഐമാരായ വിനോജ്, അസിസ്, രാജിവ്, എഎസ്ഐ സെൻകുമാർ, ഹരികുമാർ, അരുൺ, രാജേഷ്, ജിൻസൻ , സ്വരാജ് എന്നിവരും ചേർത്തല ഡിവൈഎസ്പി യുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
5000 രൂപയ്ക്ക് ഒറിസയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് നാട്ടിൽ 3 ഗ്രാമിന് 500 രൂപയുടെ ചെറുപൊതികളാക്കി വിൽക്കുന്നതിനാണ് ഇവർ കഞ്ചാവ് വാങ്ങിയത്. 1 കിലോ കഞ്ചാവ് നാട്ടിൽ എത്തിച്ച് വിൽക്കുമ്പോൾ ആയിരങ്ങളാണ് ലഭിക്കുന്നത്. അതിനാൽ ക്രിമിനൽ കേസ് പ്രതികളെല്ലാം മയക്ക് മരുന്ന് വിൽപ്പന നടത്തി അമിതലാഭം കൊയ്യുകയാണ്. ക്രിമിനൽ പഞ്ചാത്തലം ഉള്ളവരെ രഹസ്യമായി നിരിക്ഷിക്കുന്നതിൻ്റെ ഫലമായാണ് ജില്ലയിൽ വൻ തോതിൽ മയക്ക്മരുന്നുകൾ പിടികൂടാൻ സാധിക്കുന്നതെന്ന് നർക്കോട്ടിക് സെൽ ഡിവൈഎസ്പി പറഞ്ഞു.
ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ജില്ലയിൽ ഉടനീളം നിരവധി എൻഡിപിഎസ് കേസുകളാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പിടി കുടിയത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ലഹരി മാഫിയായ്ക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് ജില്ലാ പോലിസ് മേധധാവി പറഞ്ഞു.