ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ പോര്‍ഷെ 17നുകാരന് മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം -റിപ്പോര്‍ട്ട്

പുണെ (മഹാരാഷ്ട്ര): പുണെയിൽ രണ്ട് ഐടി ജീവനക്കാർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന് ഇടയാക്കിയ ആഡംബര പോർഷെ കാർ 17-കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളാണ് 17കാരന് കാർ സമ്മാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ് 19-ന് പുലര്‍ച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പേരമകന് ആഡംബര കാര്‍ സമ്മാനിച്ചത് സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സുരേന്ദ്ര അഗര്‍വാള്‍ പങ്കുവെച്ചിരുന്നതായി സുഹൃത്ത് അമന്‍ വാധ്‌വ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ജോലിക്കാരനിൽ കുറ്റം ചുമത്താൻ പ്രേരിപ്പിച്ചതിന് മുത്തച്ഛനെതിരെയും കേസെടുത്തിരുന്നു. ഒരു കോടിക്ക് മുകളിലാണ് പോര്‍ഷെ ടെയ്കാന്റെ വിവിധ മോഡലുകളുടെ എക്‌സ് ഷോറൂം വില. മാര്‍ച്ചില്‍ ബെംഗളൂരുവിലെ ഒരു ഡീലര്‍ പോര്‍ഷെ കാര്‍ ഇറക്കുമതി ചെയ്തതായും പിന്നീട് താല്‍കാലിക രജിസ്‌ട്രേഷന്‍ മാത്രം നടത്തി മഹാരാഷ്ട്രയിലേക്ക് അയച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

By admin