മഴക്കാലം ശക്തിപ്രാപിച്ച് വരികയാണ്. കടുത്ത ചൂടില്‍നിന്നുള്ള രക്ഷപ്പെടലാണെങ്കിലും മഴക്കാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്.
കലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ബാക്ടീരിയകളുടെയും വൈറസുകളുടെയും വളര്‍ച്ച വേഗത്തിലാക്കും. ഇത് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ ഇടയാക്കും. മഴക്കാലത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെന്ന് നോക്കാം.
നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കാം 
വേവിക്കാത്ത ഭക്ഷണത്തില്‍ ജീവനുതന്നെ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ധാരാളമായി ഉണ്ടാകും. അതിനാല്‍ ശരിയായി വേവിക്കാത്ത, പകുതി വെന്ത ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. മാംസം ചേര്‍ത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തില്‍ രോഗകാരികളായ സൂക്ഷമജീവികള്‍ പടരാന്‍ സാധ്യതയുണ്ട്. 
സ്ട്രീറ്റ് ഫുഡ് കുറയ്ക്കാം
മഴക്കാലത്ത് വൃത്തി പരമപ്രധാനമാണ്. പരിസരശുചിത്വമില്ലാത്ത ഇടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷ താപനില വളരെ കുറഞ്ഞ സമയമായതിനാല്‍ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുള്‍പ്പടെയുള്ള സൂക്ഷ്മജീവികളുടെ വളര്‍ച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടില്‍നിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാകാനിടയാക്കും. അതിനാല്‍ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.
കഴുകി ഉപയോഗിക്കാം 
ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി എന്നിവയെല്ലാം കൃത്യമായും കഴുകി വൃത്തിയാക്കണം. മഴക്കാലത്ത് പച്ചക്കറികളില്‍, പ്രത്യേകിച്ച് ഇലക്കറികളില്‍ സൂക്ഷ്മജീവികള്‍ ധാരാളമായുണ്ടാകും. അതിനാല്‍, അവ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണം. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ മുറിപ്പാടുകള്‍ ഉണ്ടെങ്കില്‍ അവ വാങ്ങാതിരിക്കണം. ആവശ്യമെങ്കില്‍ ഇറച്ചി ചൂടുവെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed