പത്തനംതിട്ട: സ്പെയർ ബസ് ഇല്ലാത്തതിനാൽ കെഎസ്ആർടിസി ഡിപ്പോയിലെ ദീർഘദൂര സൂപ്പർ ഫാസ്റ്റ് സർവീസുകൾ പ്രതിസന്ധിയിൽ തുടരുന്നു. ദീർഘദൂരം ഓടിയ ശേഷം ഡിപ്പോയിൽ എത്തുന്ന ബസുകൾ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തിയാണ് വീണ്ടും സർവീസിന് അയയ്ക്കുന്നത്. ഗതാഗത കുരുക്കുകളിൽ പെട്ട് ബസ് ഓടി എത്താൻ വൈകുന്ന ദിവസങ്ങളിൽ ഇവിടെ നിന്നു സമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ല.
കോയമ്പത്തൂർ, കോഴിക്കോട്, വൈറ്റില, പാലക്കാട് എന്നീ സൂപ്പർ ഫാസ്റ്റുകൾക്ക് ഈ പ്രശ്നം ഉണ്ട്. പുലർച്ചെ 4.15ന് പുറപ്പെടുന്ന കോഴിക്കോട് സൂപ്പർ തിരിച്ച് രാത്രി 12.30ന് ആണ് എത്തേണ്ടത്. നഗരങ്ങളിലെ ഗതാഗത കുരുക്കു കാരണം രാത്രി മിക്കവാറും 2 കഴിഞ്ഞാണ് എത്തുന്നത്. അതിനാൽ പുലർച്ചെ 4.15ന് മുൻപ് മുഴുവൻ പണിയും തീർത്ത് കൊടുക്കാൻ കഴിയില്ല. പല ദിവസവും വൈറ്റില സൂപ്പർ ഫാസ്റ്റാണു പകരം വിടുന്നത്. വൈകിട്ട് 5.15ന് പുറപ്പെടുന്ന കോഴിക്കോട് സൂപ്പർ ഫാസ്റ്റിനും ഇതേ പ്രശ്നമുണ്ട്. കോഴിക്കോട് പോയി ഉച്ചയ്ക്ക് 2.30ന് ആണ് തിരിച്ചു വരേണ്ടത്. എന്നാൽ ഒരു ദിവസവും 2.30ന് എത്താൻ കഴിയുന്നില്ല. ഗതാഗത കുരുക്കും മഴയും കാരണം ഒന്നും ഒന്നരയും മണിക്കൂർ താമസിച്ചാണ് എത്തുന്നത്.
ഇതുകാരണം അറ്റകുറ്റപ്പണിക്ക് സമയം കിട്ടുന്നില്ല. വൈകിട്ട് പകരം മാറ്റി കൊടുക്കാനും ബസില്ല. അതിനാൽ കൃത്യസമയത്ത് പുറപ്പെടാൻ കഴിയാതെ വരുന്നു. ബസ് നോക്കി നിൽക്കുന്ന യാത്രക്കാർ മറ്റു വണ്ടികളിൽ കയറി പോയ ശേഷം സ്റ്റാൻഡ് പിടിക്കേണ്ടിവരുന്നു. ഇത് വരുമാനവും കുറയാനും കാരണമാകുന്നു. രാവിലെ 8.30ന് പോകുന്ന കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് പിറ്റേദിവസം രാവിലെ 4.30ന് ആണ് എത്തേണ്ടത്. മഴ തുടങ്ങിയ ശേഷം മിക്കപ്പോഴും നേരം വെളുത്ത ശേഷമാണ് എത്തുന്നത്. സംസ്ഥാനാന്തര പെർമിറ്റുള്ള ബസ് ആയതിനാൽ ഇത് മാറി വേറെ അയയ്ക്കാനും പറ്റില്ല, സൂപ്പർ ഫാസ്റ്റിനു ഒരു സ്പെയർ ബസ് വേണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. ഇതുവരെ പരിഗണിച്ചിട്ടില്ല.