Malayalam Poem: ന്റെ അമ്മ ഒളിച്ചോടിയതിന്റെ രണ്ടാം ദിവസം, ശില്‍പ ചന്ദ്രന്‍ എഴുതിയ കവിത

Malayalam Poem: ന്റെ അമ്മ ഒളിച്ചോടിയതിന്റെ രണ്ടാം ദിവസം, ശില്‍പ ചന്ദ്രന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Poem: ന്റെ അമ്മ ഒളിച്ചോടിയതിന്റെ രണ്ടാം ദിവസം, ശില്‍പ ചന്ദ്രന്‍ എഴുതിയ കവിത

 

ന്റെ അമ്മ ഒളിച്ചോടിയതിന്റെ രണ്ടാം ദിവസം

രണ്ടു മുലക്കണ്ണുകളുമില്ലാത്തൊരുത്തിയാണ് 
ഇന്നലെ സ്വപ്നത്തില്‍  വന്നു കയറിയത്.

നോക്കുമ്പോ അവള്‍ക്കമ്മയുടെ
പൊട്ടിയൊലിക്കുന്ന മുഖക്കുരുമുഖം.

കണക്കില്‍ തോറ്റതിന്
അച്ഛനടിച്ചു ചുവന്ന ചുമലിലേക്ക്,
ഒരു രാത്രിയില്‍ 
അവരുടെ  പഴുത്ത് തെറിച്ച കവിള്‍ 
തണുത്തതുപോലെ, 
സ്വപ്നത്തിലന്നേരമെനിക്ക് തണുത്തു.

ഉടുക്കാത്ത ഉടലുകണ്ടെനിക്ക് വിറച്ചു. 

പഴുക്കിലകള്‍ അടിച്ചുകൂട്ടിക്കത്തിക്കുമ്പോ
ഫോറിന്‍ സില്‍ക്കിന്റെ
നരച്ചതുണിക്കടിയില്‍ തൂങ്ങുന്ന
ഇടുപ്പെനിക്കപ്പോള്‍ തെളിഞ്ഞു.
മോട്ടാമ്പുളിയുടെ
ഉണങ്ങിമൊരിഞ്ഞ കായമാതിരി
അച്ഛനെരിച്ച ബീഡിച്ചോപ്പവിടെ, കല്ലുപോലെ! 

കട്ടിളയ്ക്കപ്പുറമോ ഇപ്പുറമോ
ഉറപ്പില്ലാതെ 
അവരങ്ങനെ നില്‍ക്കേ 
എനിക്കപ്പോള്‍ പിന്നേം തെളിയുന്നു,
പിന്‍കഴുത്തില്‍ 
തൊഴുത്തും, കിണറ് കപ്പിയും,
കുരുമുളകുതടവും, വെണ്ണീര്‍ക്കുഴലും
പച്ചവിറക് പുകയും! 

വല്ലപ്പോഴുമവര്‍ക്കുപനിക്കെ
വീടൊരു സമാധാനക്കേടിന്റെ 
ഒടുവിലത്തെ ‘എടിയേ ‘വിളിയില്‍
മുടിവാരിച്ചുറ്റിയെണീക്കുന്നു.

ഉണങ്ങാനിട്ട തുണിയും,
മുറ്റത്തെ കുമുട്ടിയും,
ഒടിഞ്ഞുകുത്തിയ പാഷന്‍ഫ്രൂട്ട് വള്ളിയും
അവരെ കാത്ത് കാത്ത്
പിന്നേം കാത്ത്..! 

മൂന്നാം വയസ്സ് വരെ
ഞാനീമ്പിയ ഇടത്തെ തള്ളവിരലില്‍
നാരങ്ങപ്പച്ചയരച്ചുചേര്‍ത്ത്
‘അയലേതിലെക്കൊച്ചിന്റെ തീട്ടമാണെന്ന്’
ന്നെപ്പറ്റിച്ചു ചിരിച്ച,
ഉറകുത്തിയ കിടക്കയടിയില്‍
ചതുരഫോട്ടോയില്‍
രണ്ട് ഭാഗവും മുടിപിന്നിയിട്ട,
ആദ്യമായും അവസാനമായും
കടല്‍ കണ്ട നേരത്തവരിലുണ്ടായിരുന്ന 
മുഖമല്ലതെന്ന് അല്ലേയല്ലെന്ന്
എനിക്കെന്തേ  വയ്യാണ്ടാവുന്നു. 

അവരലക്കിവിരിച്ച  വിരിപ്പില്‍
ഞാന്‍ മൂത്രമൊഴിക്കുന്നു.

‘ന്നെ കൊല്ലാനായിട്ടേ..’യെന്ന്
എന്നുമുള്ള പോല്‍ പ്രാകാതെ,
തലയ്ക്കുമുകളിലേക്ക്,
കൈവെള്ളയില്‍ മുറുക്കിച്ചുരുട്ടിയ
രണ്ടു മുലകണ്ണുകളെ ന്റെ  കണ്ണിലേക്ക്
നീട്ടി വയ്ക്കുന്നു;
എനിക്ക് പനിക്കുന്നു.

പനിക്കോളില്‍ കാണാം, കൃത്യമായ്
ഉടലാകെ ഒരു കടല്‍. 
കേള്‍ക്കാം, അവസാനിക്കുകയേ
ഇല്ലെന്നമട്ടില്‍ 
ഇറങ്ങിപ്പോയതിന്റെ ഇരമ്പം.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin