കോട്ടയം: ഡിസിസി അധ്യക്ഷ പദവിയിൽ കത്തോലിക്കാ നേതാവ് വരണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഡിസിസി അധ്യക്ഷ പദവിയിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. ഈ അവസരം മുതലെടുത്താണ് പുതിയ കരുനീക്കം നടക്കുന്നത്. ഇതിൽ ഏറെ കൗതുകകരമായ വസ്തുത പാർട്ടിയിലെ ഐ ഗ്രൂപ്പിന് ഒപ്പം നീക്കത്തിൽ പങ്കുചേർന്നിരിക്കുന്നത് കുറെ നാളുകളായി പരസ്പരം സഹായിച്ചു മുന്നോട്ട് പോകുന്ന എ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെയാണ് എന്നതാണ്.
ഐ ഗ്രൂപ്പ് നേതൃത്വം നേരിട്ട് ഇടപെട്ട് നടത്തുന്ന നീക്കത്തിൽ പൂർണ്ണ പിന്തുണയുമായി കൂടെയുള്ളത് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നേതാവും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന കെ സി ജോസഫ് ആണ്. നിലവിലെ ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് കെ സി ജോസഫിന് ഒപ്പം നിലകൊള്ളുന്ന ആളാണ്.
നാട്ടകം സുരേഷിന് കെപിസിസി ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്തു കൊണ്ടാണ് പുതിയ കരുനീക്കം നടക്കുന്നത് എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഐ ഗ്രൂപ്പ് നേതാവും, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും, ഐഎൻടിയുസി കോട്ടയം ജില്ലാ അധ്യക്ഷനുമായ ഫിലിപ്പ് ജോസഫിന്റെ പേരാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
ഉമ്മൻചാണ്ടിയുടെ കോട്ടയായിരുന്ന കോട്ടയത്ത് ഒരു ഐ ഗ്രൂപ്പ് നേതാവ് ഡിസിസി അധ്യക്ഷൻ ആകുക എന്നത് ഒരുകാലത്ത് പാർട്ടിയിൽ ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഉമ്മൻചാണ്ടിയുടെ അനുയായികളുടെ ഒത്താശയോടെ തന്നെ ഇത്തരമൊരു നീക്കം സജീവമാകുന്നത് കോൺഗ്രസ് വൃത്തങ്ങളിൽ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സോളാർ ആരോപണങ്ങൾ കത്തി നിന്ന കാലത്ത് സ്വന്തം ജില്ലയിലെ പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന് എതിരെ നിലയുറപ്പിച്ച ഐ ഗ്രൂപ്പ് പ്രമുഖരിൽ പ്രധാനിയാണ് ഫിലിപ്പ് ജോസഫ് എന്നാണ് എതിരാളികളുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ കെ സി ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളിൽ തന്നെ ഈ നീക്കത്തിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരും ഉണ്ട്.
എ, ഐ ഗ്രൂപ്പുകള്‍ ചിഹ്നഭിന്നമായതോടെ ‘അവശിഷ്ട’ എ, ഐ ഗ്രൂപ്പുകള്‍ പല ജില്ലകളിലും നിലനില്‍പ്പിനായി പരസ്പര സഹകരണത്തിലാണ് നീങ്ങുന്നത്. ഇത്തരത്തിൽ പ്രകടമായ സഹകരണം ദൃശ്യമായ ഒരു ജില്ലയാണ് കോട്ടയം. കെ സി ജോസഫ്, ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന ജില്ലയിലെ അവശിഷ്ട എ വിഭാഗമാണ് കോട്ടയത്ത് ഐ ഗ്രൂപ്പിനോട് സഹകരിക്കുന്നത്.
മറുപക്ഷത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും, ചാണ്ടി ഉമ്മന്റേയും നേതൃത്വത്തിൽ കെസി വേണുഗോപാലിന്റെ പിന്തുണയോടെ എ ഗ്രൂപ്പിലെ മറ്റൊരു വിഭാഗം നിലയുറപ്പിക്കുന്നു. ഈ നീക്കത്തിന് സഭാ പിതാക്കന്മാരുടെ പിന്തുണ തേടി മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവ് നേരിട്ട് സന്ദർശനങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.
ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യവും, സാക്ഷാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ ഗ്രൂപ്പിൽ നിന്ന് ഐഎൻടിയുസി കോട്ടയം ജില്ല അധ്യക്ഷ പദവി പിടിച്ചെടുത്ത സംഘാടനാ മികവും ഒക്കെയാണ് ഫിലിപ്പ് ജോസഫിന് വേണ്ടി വാദം ഉയർത്തുന്നവർ മുന്നോട്ടുവയ്ക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയില്‍ ഒരു കാലത്ത് ശക്തനായിരുന്ന നേതാവുമായിരുന്നു ഫിലിപ്പ് ജോസഫ്.
എന്നാൽ സ്വന്തം വാർഡിൽ നിന്ന് നഗരസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ഇദ്ദേഹം ജില്ലാ അധ്യക്ഷ പദവിക്ക് യോഗ്യനല്ല എന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് വിജയങ്ങൾ എന്നും ഫിലിപ്പിന് അന്യമായിരുന്നു എന്നത് ഒരു വലിയ ന്യൂനത തന്നെയാണെന്നും അവർ പാർട്ടിയെ ഓർമിപ്പിക്കുന്നു.