‘ചെന്നൈയെ വീഴ്ത്തിയതുകൊണ്ട് മാത്രം കിരീടം നേടാനാവില്ല’, തോൽവിക്ക് പിന്നാലെ ആർസിബിയെ പരിഹസിച്ച് അംബാട്ടി റായുഡു

അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പരിഹാസവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായഡു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താണ് ആര്‍സിബി എലിമിനേറ്ററിന് യോഗ്യത നേടിയത്. ചെന്നൈക്കെതിരായ വിജയത്തിനുശേഷം ആര്‍സിബി താരങ്ങള്‍ കിരീടം നേടിയതുപോലെ നടത്തിയ ആവേശ പ്രകടനവും മത്സരശേഷമുള്ള ഹസ്തദാനം ചെയ്യാന്‍ ധോണി അടക്കമുള്ള ചെന്നൈ താരങ്ങളെ കാത്തു നിര്‍ത്തിയതും വിമര്‍ശനത്തിന് കാരണമായിരുന്നു.

ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഇന്നലെ രാജസ്ഥാനെതിരായ തോല്‍വിക്കുശേഷം സംസാരിക്കവെ റായുഡു ആര്‍സിബിക്കെതിരെ പരിഹാസച്ചുവയുള്ള പരാമര്‍ശം നടത്തിയത്. ആര്‍സിബിയുടെ ഇന്നത്തെ കാര്യമെടുക്കുകയാണെങ്കില്‍  ആവേശവും ആക്രമണോത്സുകതയും കാണിച്ചാല്‍ മാത്രം ജയിക്കാനോ കിരീടങ്ങള്‍ നേടാനോ കഴിയില്ല. അതിനായി നല്ല പ്ലാനിംഗ് വേണം. പ്ലേ ഓഫിലെത്തിയതുകൊണ്ട് മാത്രം കീരീടം നേടാനാവില്ല. പ്ലേ ഓഫിലെത്താന്‍ കാണിച്ച അതേ വിജയദാഹത്തോടെ കളിക്കണം. ചെന്നൈയെ തോല്‍പ്പിച്ചാല്‍ മാത്രം കിരീടം നേടാനാവുമെന്ന് കരുതരുത്. ഇനി അടുത്തവര്‍ഷം കിരീടം നേടാന്‍  വീണ്ടും വരണമെന്നും റായുഡു സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

രാജസ്ഥാന്‍റെ ഇതിഹാസ നായകനൊപ്പം ഇനി സഞ്ജു സാംസണും, വിജയങ്ങളില്‍ ഷെയ്ന്‍ വോണിന്‍റെ റെക്കോ‍ർഡിനൊപ്പം

ആര്‍സിബി-ചെന്നൈ മത്സരത്തില്‍ വിജയത്തിനുശേഷം ആര്‍സിബി താരങ്ങള്‍ ആവേശപ്രകടനം നടത്തിയതും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ വിജത്തിനുശേഷമുള്ള ഹസ്തദാനത്തിനായി കാത്തു നിന്നതും ഇരു ടീമുകളിലെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു. ഹസ്തദാനത്തിനായി ഗ്രൗണ്ടിലിറങ്ങിയ ധോണി ആര്‍സിബി താരങ്ങള്‍ ആഘോഷം അവസാനിപ്പിക്കാതെ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് കണ്ട് ഹസ്തദാനത്തിന് കാത്തു നില്‍ക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ആര്‍സിബി താരം വിരാട് കോലി ഡ്രസ്സിംഗ് റൂമിലെത്തി ധോണിയെ കണ്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin