കോട്ടയം: ജില്ലയില്‍ പാളിപ്പോയ മഴക്കാലമുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ 25നുള്ളില്‍ പൂര്‍ത്തിയാകുമോ, വഴിയരികില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടി നീക്കുന്നതിലടക്കം സംഭവിച്ചതു ഗുരുതര വീഴ്ച. കാലവര്‍ഷം കൂടിയെത്തുന്നതോടെ ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതു പാതി മാത്രം.
മുന്നൊരുക്കങ്ങള്‍ പാളിയതു തെരഞ്ഞെടുപ്പില്‍ ചാരി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ പലയിടത്തും പേരിനു മാത്രമാണു നടന്നത്. ഇതോടെ ഡെങ്കിപ്പനിയടക്കം വ്യാപിക്കുന്ന അവസ്ഥയുണ്ടായി. തോട് നവീകരണവും അപകാവസ്ഥയിലായ മരം മുറിക്കലുമെല്ലാം ചിലയിടത്തു മാത്രം നടന്നുള്ളു. ഓട വൃത്തിയാക്കല്‍ ഉള്‍പ്പടെ പരാജയപ്പെട്ടതോടെ ഭരണ സംവിധാനങ്ങള്‍ക്കു നേരെ രൂക്ഷമായ ആരോപണങ്ങള്‍ പൊതുജനം ഉന്നയിച്ചിരുന്നു.
ഓട വൃത്തിയാക്കല്‍ പേരിനു മാത്രം ഒതുങ്ങിയതോടെ ഇന്നലെ പെയ്ത മഴയില്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ആലസ്യത്തില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ വീഴ്ച വരുത്തിയെന്നാണു ആരോപണം. ഇതിനിടെ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നു മഴക്കാലമുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ കലക്ടര്‍ നടപടികള്‍ 25 നകം പൂര്‍ത്തിയായിരിക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.
വഴിയരുകിലും സ്‌കൂളുകളിലും അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയോട് നിര്‍ദേശം നല്‍കിയിട്ടും മറിഞ്ഞു വീഴാറായി നില്‍ക്കുന്ന മരങ്ങള്‍ പോലും വെട്ടിമാറ്റുന്നതില്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
ഇന്നു വൈകിട്ട് നാഗമ്പടത്ത് വൈദ്യുതി ലൈനിനു മുകളില്‍ വീണ മരം മുറിച്ചു മാറ്റുന്നതിനെ ചൊല്ലി കെ.എസ്.ഇ .ബിയും അഗ്‌നി രക്ഷാ സേനയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയുടെ എതിര്‍ വശത്ത് നാഗമ്പടം മൈതാനത്ത് നിന്ന മരമാണ് വൈദ്യുതി ലൈനിലേക്കു ചരിഞ്ഞത്.
ഇതു കണ്ട നാട്ടുകാര്‍ പോലീസിനെയും കെ.എസ്.ഇ.ബി അധികൃതരെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചു. മൂന്നു കൂട്ടരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, കെ.എസ്.ഇ.ബി ലൈന്‍ മുറിച്ചുമാറ്റി മരം മുറിക്കാന്‍ ആവില്ലെന്നു നിലപാട് കെ.എസ്.ഇ.ബി അധികൃതര്‍ എടുത്തതായി അഗ്‌നിരക്ഷാസേന പറയുന്നു. ലൈന്‍ മുറിക്കാതെ മരം എടുത്തുമാറ്റാന്‍ ആവില്ലെന്ന് അഗ്‌നിരക്ഷാസേനയും നിലപാട് എടുത്തു. ഇതോടെ രണ്ടുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി.
പിന്നീട് ഏറെ നേരത്തിന് ശേഷം ജെ.സി.ബി എത്തിച്ചാണു മരം മുറിച്ചു നീക്കിയത്. സമാന അവസ്ഥയാണു ജില്ലയുടെ പലഭാഗങ്ങളിലും വകുപ്പുകള്‍ തമ്മില്‍ നടക്കുന്നത്. തര്‍ക്കം അവസാനിപ്പിച്ചു നടപടി സ്വീകരിക്കാന്‍ തയ്യാറാകുമ്പോഴേയ്ക്കും മരങ്ങള്‍ കാല വര്‍ഷത്തില്‍ നിലംപൊത്തിയിട്ടുണ്ടാകുമെന്നുറപ്പാണ്.
അതേസമയം തദ്ദേശസ്ഥാപനങ്ങളില്‍ പലയിടത്തും മുന്നൊരുക്കം പാളിയെങ്കിലും തുക വിനിയോഗിക്കുന്നതില്‍ കുറവു സംഭവിച്ചിട്ടില്ല. ഇതോടെ അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും.