കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മിക്കേൽ സ്റ്റാറെയെ നിയമിച്ചു. സ്വീഡന്‍ സ്വദേശിയായ ഈ 48കാരന്‍ ഉതൈ താനി എന്ന ക്ലബില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 2026 വരെയാണ് കരാര്‍. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുക്കാമോനാവിച്ചിന് പകരമാണ് ഇദ്ദേഹം മഞ്ഞപ്പടയുടെ മുഖ്യപരിശീലകനാകുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പരിശീലന പരിചയമുണ്ട്. എഐകെ (സ്വീഡൻ), പാനിയോനിയോസ് (ഗ്രീസ്), ഐഎഫ്കെ ഗോട്ടെബർഗ് (സ്വീഡൻ), ഡാലിയൻ യിഫാങ് (ചൈന), ബി കെ ഹാക്കൻ (സ്വീഡൻ), സാൻ ജോസ് എർത്ത്‌ക്വേക്ക്സ് (യുഎസ്എ), സർപ്സ്ബോർഗ് 08 (നോർവേ), ഉതൈ താനി (തായ്ലൻഡ്) തുടങ്ങിയ ക്ലബുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ സന്തുഷ്ടനാണെന്ന് അദ്ദേഹം പ്രതികരിച്ചു. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃപാടവും ഇദ്ദേഹത്തിനുണ്ടെന്ന് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.