പാലാ: പാലാ നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഹാളില്‍നിന്നു കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് കാണാതായ സംഭവത്തില്‍ സി.പി.എം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെതിരേ മോഷണക്കുറ്റത്തിന് പോലീസ് കേസെടുത്തു. നഷ്ടപ്പെട്ടതെന്നു കരുതുന്ന എയർപോഡ് കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നഴ്സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി പോലീസിന് കൈമാറിയിരുന്നു.
ഇവരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസിൻ്റെ നടപടി. നാലു മാസം മുൻപാണ് നഗരസഭാ കൗണ്‍സില്‍ കൂടുന്നതിനിടെ കൗണ്‍ലില്‍ ഹാളില്‍ മേശപ്പുറത്ത് വച്ചിരുന്ന എയര്‍പോഡ് കാണാതാകുന്നത്. പരാതിപ്രകാരം മാര്‍ച്ച് ആറിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് ആദ്യവാരം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
മോഷണം പോയ എയര്‍പോഡ് സംബന്ധിച്ച് പരാതി ഉയർന്നതോടെ ഇത് ലഭിച്ച സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ എയര്‍പോഡ് എത്തിച്ചുനല്‍കുകയായിരുന്നു. ഇയാളുടെ വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തി.
ഇത് മോഷണംപോയ എയർപോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസ് ശാസ്ത്രീയപരിശോധന നടത്തിയിരുന്നു.എയര്‍പോഡ് പോലീസ് സ്റ്റേഷനില്‍നിന്നു തന്നെ കാണിച്ചിരുന്നുവെന്നും അത് തന്റെ തന്നെയാണെന്ന് വ്യക്തമായതായും ജോസ് പറഞ്ഞു. പോലീസ് രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. അതിനാല്‍ എയര്‍പോഡ് തിരികെ എത്തിച്ചത് ആരാണെന്ന് വ്യക്തമാക്കുന്നില്ല.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നിന്നും എയര്‍പോഡ് മോഷണം പോയതും ഇതു സംബന്ധിച്ച് താന്‍ പോലീസില്‍ നല്കിയ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനും മാണി ഗ്രൂപ്പിനും ഒരു ബന്ധവുമില്ലെന്ന് ജോസ് ചീരാംകുഴി പറഞ്ഞു. കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യണമെന്നും ജോസ് ചീരാംകുഴി ആവശ്യപ്പെട്ടു. എന്നാല്‍, രാഷ്ട്രീയ യജമാനനെ തൃപ്തിപ്പെടുത്താന്‍ ജോസ് ചീരാംകുഴി നടത്തുന്ന ജല്പനങ്ങള്ക്കു മറുപടി അര്‍ഹിക്കുന്നില്ലെന്ന് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പറഞ്ഞു.