‘ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം’: ഇ പി ജയരാജന്‍

കണ്ണൂര്‍: തന്നെ വധിക്കാൻ ശ്രമിച്ച കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത സംഭവമാണ്. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞോയെന്ന് പരിശോധിക്കണം.
ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി അനുവദിച്ചു

ഇ.പി ജയരാജനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ  കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹർജി ഹൈക്കോടതി അം​​ഗീകരിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ സുധാകരനെതിരെ ഗൂഢാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്ന്  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

By admin