ന്യൂയോർക്ക്: തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുന്ന വിവരങ്ങൾ കുഴിച്ചു മൂടാൻ 2016ൽ ഡൊണാൾഡ് ട്രംപ് ശ്രമം നടത്തിയെന്നു ആരോപിക്കുന്ന കേസിന്റെ വിചാരണ പൂർത്തിയാവുമ്പോൾ ഉയരുന്ന ചോദ്യം ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തിനു പ്രസിഡന്റ് സ്ഥാനത്തിനു മത്സരിക്കാൻ കഴിയുമോ എന്നതാണ്. നീലച്ചിത്ര നടി വരെ സാക്ഷിയായ കേസിൽ ട്രംപിനു ശിക്ഷ ഉറപ്പാണെന്ന് ഒരു വിഭാഗം നിയമവിദഗ്ധർ പറയുമ്പോൾ അദ്ദേഹത്തെ വിട്ടയക്കുമെന്നു മറ്റൊരു വിഭാഗം കരുതുന്നു.
ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ നിന്നു വിലക്കാൻ വകുപ്പില്ല എന്നതാണ് ഒരു കാഴ്ചപ്പാട്. ഒരു പക്ഷെ ഭരണഘടന അങ്ങിനെയൊരു അവസ്ഥ പ്രതീക്ഷിച്ചു കാണില്ല. ജയിൽ ശിക്ഷ അനുഭവിച്ചയാൾക്കു മത്സരിക്കാൻ വിലക്കു കല്പിക്കുന്ന നിയമം ഇനി കൊണ്ടുവരേണ്ടി വരും. യൂണിവേഴ്സിറ്റി ഓഫ് കോളറാഡോയിലെ തിരഞ്ഞെടുപ്പ് നിയമ അധ്യാപകൻ ഡഗ് സ്‌പെൻസർ പറയുന്നത് കോടതി വിധി ട്രംപിനു വിലക്കാവില്ല എന്നാണ്. അല്പം നീണ്ട ജയിൽ ശിക്ഷ കിട്ടിയാലും ജനങ്ങൾക്കു അദ്ദേഹത്തിനു വോട്ട് ചെയ്യാൻ തടസം ഉണ്ടാവില്ല. എന്നാൽ ജനം ഒരു കാര്യം ചിന്തിക്കണം എന്നദ്ദേഹം പറയുന്നു: കുറ്റവാളിക്ക് വോട്ട് ചെയ്യണോ.