കൊച്ചി: എടയാര്‍ വ്യവസായ മേഖലയ്ക്ക് സമീപം പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്താന്‍ തുടങ്ങിയത്. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. മത്സ്യക്കൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
തുടക്കത്തില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. തുടര്‍ന്ന് കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇവിടെ മത്സ്യക്ഷൃഷി ചെയ്തവര്‍ക്കാണ് നഷ്ടമുണ്ടായത്. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ശക്തമായ മഴയ്ക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെത്തുടര്‍ന്നാണ് മീനുകള്‍ ചത്തുപൊങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *