കോട്ടയം: കൊക്കയാര്‍ – കൂട്ടിക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലത്തിൻ്റെ നിർമാണം മുടങ്ങിയതോടെ പകരം താല്‍ക്കാലിക നടപ്പാലം നിര്‍മിക്കാന്‍ തീരുമാനം. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയും സത്യം ഒണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും തുടര്‍ന്നാണു കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നു താല്‍ക്കാലിക നടപ്പാലം നിര്‍മിക്കാന്‍ തീരുമാനമായത്.
ഇതോടെ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. നാളെ മുതല്‍ താല്‍ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്നു കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം, കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക് എന്നിവര്‍ സമരക്കാരെ അറിയിച്ചു.
കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലം തകര്‍ന്നു കിടക്കുന്നതു ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. പ്രളയത്തില്‍ പാലം തകര്‍ന്നതോടെ മുക്കുളം, ഏന്തയാര്‍ ഈസ്റ്റ് മേഖലകളിലുള്ളവര്‍ക്ക് ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കു കോട്ടയം ജില്ലയിലേക്ക് എത്തണമെങ്കില്‍ ഏഴു കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
പാലം നിര്‍മ്മാണം തുടങ്ങാതായതോടെ പ്രദേശവാസികള്‍ മുന്‍കൈയെടുത്തു താല്‍ക്കാലിക നടപ്പാലം നിര്‍മ്മിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെ ഈ പാലത്തിലൂടെയാണു കുട്ടികളടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്നത്.
ഇതിനിടെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാലം നിര്‍മ്മാണം ആരംഭിച്ചു. ഇതിന്റെ പേരില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച നടപ്പാലവും പൊളിച്ചു മാറ്റി. തെരഞ്ഞെടുപ്പിനു പിന്നാലെ പാലം പണിയും നിലച്ചു. പിന്നാലെ ശക്തമായ മഴ കൂടി എത്തിയതോടെ പ്രതിസന്ധി ഇരട്ടിയായി.
താല്‍ക്കാലിക പാലം ഇല്ലാതായതോടെ ഏഴു കിലോമീറ്റര്‍ ചുറ്റി വേണം ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ഏതു ആവശ്യത്തിനും അടുത്ത ടൗണിലേക്ക് എത്താന്‍. സ്‌കൂള്‍ തുറക്കുന്നതോടെ യാത്ര ക്ലേശം രൂക്ഷമാകുമെന്നസാഹചര്യമുണ്ടായതോടെ പ്രദേശവാസികൾ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
പ്രതിഷേധം രൂക്ഷമായതോടെ താല്‍ക്കാലിക പാലം നിര്‍മിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതെവന്നതോടെയാണ് ഇരു പഞ്ചായത്തുകളും ചേര്‍ന്നു നാളെ മുതല്‍ താല്‍ക്കലിക പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സത്യം ഓൺലൈൻ ഇത് സംബന്ധിച്ച വാർത്ത പുറത്തു കൊണ്ടുവന്നിരുന്നു.