തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ ലൈംഗിക ചേഷ്ട കലർന്ന അംഗവിക്ഷേപം കാണിച്ചുവെന്ന പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന്(ചൊവ്വാഴ്ച) കോടതിയിൽ രഹസ്യ മൊഴി നൽകും.
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന് എതിരെ മേയർ നൽകിയ പരാതിയിലാണ് കോടതി ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാകും മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകുക.
ഉച്ചക്ക് 12 മണിക്ക് കോടതിയിലെത്താനാണ് മേയർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേസ് അന്വേഷിക്കുന്ന കൻ്റോൺമെന്റ് പൊലീസ് നൽകിയ അപേക്ഷയിലാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. എന്നാൽ മേയറുമായി സംഘർഷത്തിൽ ഏർപ്പെട്ടപ്പോൾ ഡ്രൈവർ യദു ഓടിച്ചിരുന്ന ബസിലെ ക്യാമറാദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡാണ് പരാതിയിലെ പ്രധാന തെളിവ് ആകേണ്ടത്.
എന്നാൽ മെമ്മറി കാർഡ് കണ്ടെടുക്കാൻ മേയറുടെ പരാതിയും യദുവിൻെറ പരാതിയും അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും മെമ്മറി കാർഡ് കണ്ടെടുക്കാനാകാത്തത് അന്വേഷണത്തിന് മുന്നിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്.
മേയറുടെ പരാതിയിൽ തീർപ്പുണ്ടാക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉളളതിനാൽ ചോദ്യം ചെയ്യലും മൊഴിയെടുക്കലും നടക്കുന്നുണ്ടെങ്കിലും കേസിൽ വഴിത്തിരിവായേക്കാവുന്ന ഒരുതെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അന്വേഷണം ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്.
ബസ് മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനെ കടന്ന് പോയതും കാർ തടഞ്ഞുനിർത്തിയതും അതിന് ശേഷമുളള സംഭാഷണങ്ങളും മേയറുടെ ഭർത്താവും ബാലുശേരി എം.എൽ.എയുമായ സച്ചിൻ ദേവ് ബസിനകത്ത് കയറി യാത്രക്കാരോട് സംസാരിച്ചതിൻെറയും എല്ലാം യഥാർത്ഥ വസ്തുത ബസിലെ ക്യാമറാ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ആ ദൃശ്യങ്ങൾ അടങ്ങിയ ക്യാമറാ ദൃശ്യങ്ങൾ ലഭിക്കാതെ ഡ്രൈവർക്കെതിരായ മേയറുടെ പരാതിയും മേയർക്കെതിരായ ഡ്രൈവർ യദുവിൻെറ പരാതിയിലും സത്യം തെളിയാൻ പോകുന്നില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമുണ്ട്.
ഡ്രൈവർ യദു, കണ്ടക്ടർ സുബിൻ, സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവ് എന്നിവരെ മാറിമാറി ചോദ്യം ചെയ്തെങ്കിലും കേസിന് തുമ്പായി മാറുന്ന ഒന്നും അവരിൽ നിന്ന് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യൽ പലതവണ നീണ്ടപ്പോൾ പൊലീസ് തന്നെ മനപൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡ്രൈവർ യദു രംഗത്ത് വന്നിരുന്നു.
ഡ്രൈവർ യദുവിനെതിരെ മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലും മൊഴി രേഖപ്പെടുത്തലും ഒക്കെയായി അന്വേഷണം പൊടിപൊടിക്കുമ്പോൾ ഡ്രൈവർ യദു നൽകിയ കേസ് അന്വേഷിക്കാൻ പൊലീസിന് ഈ ഉത്സാഹമൊന്നുമില്ല. യദുവിൻെറ പരാതിയിൽ വഴിപാട് പോലെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
അന്വേഷണം ഇഴയുന്നതിൽ ഡ്രൈവർ യദുവിന് അതൃപ്തിയുണ്ട്. മേയറുടെയും ഭർത്താവ് എം.എൽ.എയുടെയും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് തൻെറ പരാതിയിൽ അന്വേഷണം ഉഴപ്പുന്നതെന്ന് യദുവിന് പരാതിയുണ്ട്.
കേസ് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യദുവിൻെറ നീക്കം. മേയറും ഭർത്താവും സഞ്ചരിച്ചിരുന്ന കാർ , കെ.എസ്.ആർ.ടി.സി ബസിന് കുറുകെയിട്ട് തടഞ്ഞ സംഭവത്തിൽ കെ.എസ്. ആർ.ടി.സി അഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇതുവരെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടില്ല. സംഭവത്തിൻെറ എല്ലാ വശങ്ങളും പരിശോധിച്ച് കഴിയുന്നത്ര വേഗത്തിൽ വിശദമായ റിപോർട്ട് നൽകാൻ ആയിരുന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് നൽകിയ നിർദ്ദേശം.
എന്നാൽ സംഭവം നടന്ന് ഒരുമാസം ആകാറായിട്ടും കെ.എസ്.ആർ.ടി.സിയുടെ അഭ്യന്തര അന്വേഷണം പൂർത്തിയാകുകയോ റിപോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. ഏപ്രിൽ 27നാണ് പാളയം സാഫല്യം കോംപ്ളക്സിന് മുന്നിൽ വെച്ച് മേയറും ഭർത്താവും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെട്ടത്.