ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം; ക്വാളിഫയറില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍ ഹൈദരാബാദ്
അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം.ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ക്ക് നടക്കുന്ന ആദ്യ ക്വാളിഫയറിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.പോയന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാരായാണ് കൊൽക്കത്തയും ഹൈദരാബാദും ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്.
ഐപിഎൽ ചരിത്രത്തിലാദ്യമായി ലീഗ് ടോപ്പറായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിലെത്തിയത്. 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞത് മൂന്നെണ്ണത്തിൽ മാത്രം.പ്രതികൂല കാലവസ്ഥയിൽ ലീഗ് സ്റ്റേജിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്തയ്ക്ക് നഷ്ടമായി.അതിന് മുൻപ് കളിച്ച നാല് മത്സരങ്ങളിലും ആധികാരിക ജയം.ശ്രേയസ് അയ്യരും സംഘവും ഒട്ടും പേടിയില്ലാതെയാണ് ആദ്യ ക്വാളിഫയറിന് ഒരുങ്ങുന്നതെന്ന് ചുരുക്കം.ബാറ്റിംഗിലും ബൗളിംഗിലും ഒരേ മികവ് പുലർത്തുന്നതാണ് ടീമിന്റെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന സുനിൽ നരെയ്നാണ് തുറുപ്പുചീട്ട്. എന്നാൽ നരെയ്ന്റെ ഓപ്പണിംഗ് പങ്കാളിയും വെടിക്കെട്ട് ബാറ്ററുമായ ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങിയത് കനത്ത തിരിച്ചടിയായി.
‘അന്ന് സെലക്ടർമാരുടെ കാലില്‍ വീഴാത്തതിന്റെ പേരില്‍ എന്നെ തഴഞ്ഞു’, വെളിപ്പെടുത്തി ഗംഭീർ
ഫിൽ സാൾട്ടിന് പകരം അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസ് ഇന്ന് ടീമിലെത്തും.ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത ഗുർബാസിന് ഫിൽ സാൾട്ടിന്റെ വിടവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത. നായകൻ ശ്രേയസ് അയ്യർ,വെങ്കിടേഷ് അയ്യർ,നിതീഷ് റാണ,ആന്ദ്ര റസൽ,റിങ്കു സിംഗ് എന്നിവരെല്ലാം ഒന്നിനൊന്ന് മെച്ചം. ബാറ്റിംഗിൽ പാളിയാൽ ബൗളിംഗിൽ തിരിച്ചുപിടിക്കുന്നതാണ് കൊൽക്കത്തയുടെ രീതി. മിച്ചാൽ സ്റ്റാർക്ക് നയിക്കുന്ന പേസ് നിര. വരുൺ ചക്രവർത്തിയും സുനിൽ നരെയ്ന്റെയും സ്പിൻ ബൗളിംഗ്.ഹൈദരാബാദിന്റെ ബിഗ് ഹിറ്റര്‍മാര്‍ക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ചുരുക്കം.
ടീം ഗെയിം കളിച്ചാണ് പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദ് ഇത്തവണ ക്വാളിഫയറിലെത്തിയത്.ഈ സീസണിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിന് നിര തന്നെയാണ് അവരുടെ കരുത്ത്.അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച് വർധിത ഊർജത്തോടെയാണ് ഹൈദരാബാദ് എത്തുന്നത്. ബാറ്റിംഗിലാണ് ഹൈദരബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡിനെയും അഭിഷേകിനെയും പിടിച്ചുകെട്ടാനായില്ലെങ്കിൽ കൊൽക്കത്ത കളി കൈവിടും. ഹെൻറിച്ച് ക്ലാസനും അബ്ദുൽ സമദും നിതീഷ് കുമാറുമെല്ലാം തകർത്തടിക്കുന്നവരാണ്.
എന്നാൽ അഹമ്മദാബാദിലെ പിച്ചിൽ ഇതിന് മുൻപ് ഗുജറാത്തിനെ നേരിട്ടപ്പോൾ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇത് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകുന്നു. കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ബൗളിംഗ് യൂണിറ്റ് ഹൈദരാബാദിനില്ല. ടി.നടരാജിന് മാത്രമാണ് ബൗളിംഗിൽ സ്ഥിരതയുള്ളത്. എന്നാൽ നായകൻ പാറ്റ് കമ്മിൻസിന്റെ തന്ത്രങ്ങളിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4 റൺസിന്റെ ജയം കൊൽക്കത്ത സ്വന്തമാക്കി.
കണക്കിലെ കളിയിലും കൊൽക്കത്തയ്ക്കാണ് മുൻതൂക്കം. ഐപിഎൽ ചരിത്രത്തിൽ 26 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 9 എണ്ണത്തിൽ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായാത്.ഇന്ന് തോൽക്കുന്നവർക്ക് ഫൈനലിൽ എത്താൻ ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ-ആര്‍സിബി എലിമിനേറ്റർ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം.