ന്യൂയോർക്ക് :ഇസ്രയേലി-ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കണമെന്നു അന്താരാഷ്ട്ര കോടതിയോട് പ്രോസിക്യൂട്ടർ കരിം ഖാൻ അഭ്യർഥിച്ചു. ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണവും തുടർന്ന് ഇസ്രയേൽ ഗാസയിൽ നടത്തിയ കൂട്ടക്കുരുതികളും കണക്കിലെടുത്താണ് ഈ ആവശ്യം.
അന്താരാഷ്ട്ര കോടതി (ഐസിസി) വാറന്റ് പുറപ്പെടുവിച്ചാൽ 124 അംഗരാജ്യങ്ങളിൽ എവിടെ എത്തിയാലും അവരെ അറസ്റ്റ് ചെയ്യാം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാക്കളായ യഹ്യ സിൻവർ, മുഹമ്മദ് ദിഫ്, ഇസ്മയിൽ ഹനിയെ എന്നിവർക്കാണ് വാറന്റ് ആവശ്യപ്പെടുന്നത്. കോടതി വാറന്റുകൾ നൽകിയില്ലെങ്കിൽ പോലും ഇത് നെതന്യാഹുവിന്റെ ഗവൺമെന്റിനു കനത്ത അടിയാണ്. ഇസ്രയേൽ ഐസിസി അംഗരാജ്യമല്ല. അവരുടെ അധികാരത്തെ മാനിക്കുന്നുമില്ല. എന്നാൽ 124 അംഗരാജ്യങ്ങളിൽ യുഎസും ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളുമുണ്ട്. അവിടേക്കു യാത്ര ചെയ്യുമ്പോൾ അറസ്റ്റ് ഭീഷണി തലയ്ക്കു മീതെ ഉണ്ടാവും.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഹമാസ് നേതാക്കൾ ഉത്തരവാദികളാണെന്നു ഖാൻ ചൂണ്ടിക്കാട്ടുന്നു. നൂറു കണക്കിന് ഇസ്രയേലി പൗരന്മാരെ കൊലപ്പെടുത്തിയത് ഉൾപ്പെടെ. ഗാസയിൽ മരണങ്ങൾക്ക് പുറമെ വ്യാപകമായ പട്ടിണിക്കും ഇസ്രയേലി നേതാക്കൾ ഉത്തരവാദികളാണ്. പട്ടിണി അവർ യുദ്ധത്തിൽ ആയുധമാക്കി. സിവിലിയൻ ജനതയ്ക്കു എതിരെ കരുതിക്കൂട്ടി ആക്രമണങ്ങൾ നയിച്ചു.
യുദ്ധത്തിൽ പട്ടിണി ആയുധമാക്കുന്നത് ഐസിസി ഭരണഘടന അനുസരിച്ചു ഗുരുതരമായ കുറ്റമാണ്. യുദ്ധത്തിന് മുൻപ് ഗാസയിൽ ആവശ്യത്തിനു ഭക്ഷണം ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ. എന്നാൽ പിന്നീട് അവിടെ ഭക്ഷണം എത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞതോടെ പട്ടിണി മരണങ്ങൾ ഉണ്ടായി.