ഫിലഡൽഫിയ : ടീം യുണൈറ്റഡിനൊപ്പം ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ ശക്തനായ ഒരു സ്ഥാനാർഥിയായി ഷാലു പുന്നൂസ് മത്സരിക്കുന്നു. ഷാലുവിന്റെ നേതൃത്വ പാടവത്തിന്റെ ശോഭനമായ വിവിധ ഘട്ടങ്ങൾ, വിവിധ കാലയളവിലായി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുള്ള ഫിലഡൽഫിയ മലയാളികൾക്കും അറിയാം ഈ മനുഷ്യനിലുള്ളത് പൊള്ളയായ വാഗ്ദാനങ്ങൾ അല്ല, മറിച്ച്, യാഥാർഥ്യമാകുന്ന കാര്യങ്ങൾ മാത്രമാണെന്ന്. തനിക്ക് ചെയ്യാൻ പറ്റുന്ന നൂതന ആശയങ്ങളെക്കുറിച്ച് പറയുകയും, പറയുന്നവ ജനങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറം നടപ്പാക്കി കാണിക്കുകയും ചെയ്യുന്നതാണ് ഷാലുവിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) പ്രസിഡന്റായി പ്രവർത്തിച്ച 2020 – 2021 കാലയളവ് മാപ്പിന്റെ പ്രവർത്തന നേട്ടങ്ങളുടെ സുവർണ്ണ കാലയളവായിരുന്നു. ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ആദ്യ പോസ്റ്ററിലെ വാക്കുകളിൽക്കൂടി ഷാലു തന്റെ നയം വ്യക്തമാക്കുന്നു . ” ഇലക്ഷനുകൾ വരും പോകും.. സ്ഥാനാർഥികൾ വരും പോകും.. ഫോമയോടൊപ്പം എന്നും… ഷാലു പുന്നൂസ് ” – ഈ പോസ്റ്റർ ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
സ്ഥാനമാനങ്ങൾ മോഹിച്ചല്ല മറിച്ച്, തന്റെ വളരെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആകുന്നതെന്ന് ഷാലു വ്യക്തമാക്കി. “എനിക്ക് ഒരു സ്വപ്നം ഉണ്ട്. ഈ ഇലക്ഷനിൽ വൈസ് പ്രസിഡന്റായി വിജയിച്ചു അധികാരത്തിലെത്തിയാൽ ആ സ്വപ്നങ്ങളെല്ലാം ഫോമയിൽ യാഥാർഥ്യമാക്കുവാൻ പ്രയത്നിക്കും. അമേരിക്കയിലും കാനഡയിലും ഉള്ള മുഴുവൻ മലയാളി യുവജനങ്ങളെയും ഫോമായിൽ പങ്കാളികളാക്കുകയും, ആയിരങ്ങളെ അണിനിരത്തി യുവജന കൺവൻഷൻ നടത്തുകയും ചെയ്യുക എന്നതാണ് എന്റെ സ്വപ്നം “.
കമ്മ്യൂണിറ്റി സര്‍വീസിനും, കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി പെൻസിൽവേനിയ പൊലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവേനിയ പൊലീസ് ഉപദേശക സമിതിയിലെ ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചിരുന്നു. 2022 ഫോമാ കൺവൻഷൻ കോ ചെയർമാൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാപ്പ് ട്രസ്റ്റ്രീ ബോർഡ് അംഗം, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയായുടെ മുൻ ജനറൽ സെക്രട്ടറി, ഫോമാ നാഷനൽ കമ്മിറ്റി മെമ്പർ, മോണ്ട്ഗോമറി കൗണ്ടി ഹെൽത്ത് അഡ്മിനിസ്ട്രേഷൻ കമ്മറ്റി അംഗം എന്നീ നിലകളിൽ മികവ് തെളിയിച്ചിട്ടുണ്ട് ഷാലു.
അമേരിക്കയിലെ വലിയ അസോസിയേഷനുകളിൽ പ്രസിഡന്റുമാരായി പ്രവർത്തിച്ച് കഴിവുതെളിയിച്ച മികച്ച ടീം അംഗങ്ങൾ ഉൾക്കൊള്ളുന്ന, ബേബി മണക്കുന്നേൽ നയിക്കുന്ന ടീം യുണൈറ്റഡിനൊപ്പമാണ് ഷാലു വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്.