മുംബൈ: സ്വകാര്യ സംഭാഷണം ചിത്രീകരിച്ചതിന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടിട്ടും അത് പുറത്തുവിട്ടു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു രോഹിതിന്റെ വിമര്‍ശനം. മുൻ മുംബൈ ഇന്ത്യൻസ് താരം ധവാൽ കുൽക്കർണിയുമായി താന്‍ നടത്തിയ സംഭാഷണം ചിത്രീകരിച്ചതിനെക്കുറിച്ചാണ് രോഹിത് വിമര്‍ശിച്ചത്.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് രംഗത്തെത്തി. താരവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ സംഭാഷണത്തിൻ്റെയും ഓഡിയോ സംപ്രേഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ വ്യക്തമാക്കി.
“ഒരു മുതിര്‍ന്ന ഇന്ത്യ താരം ഉൾപ്പെടുന്ന ഒരു ക്ലിപ്പും സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിൻ്റെ പോസ്റ്റും ഇന്നലെ മുതൽ പ്രാധാന്യം നേടിയിട്ടുണ്ട്. മെയ് 16ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെ എടുത്ത ക്ലിപ്പില്‍ സുഹൃത്തുക്കളുമായി താരം സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യം പെട്ടെന്ന് കാണിക്കുക മാത്രമാണ് ചെയ്തത്.
ഈ സംഭാഷണത്തിൽ നിന്നുള്ള ഒരു ഓഡിയോയും റെക്കോർഡ് ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടില്ല. തൻ്റെ സംഭാഷണത്തിൻ്റെ ഓഡിയോ റെക്കോർഡ് ചെയ്യരുതെന്ന് സീനിയർ താരം അഭ്യർത്ഥിക്കുന്നത് മാത്രം കാണിക്കുന്ന ക്ലിപ്പ്, മത്സരത്തിന് മുമ്പ് സ്റ്റാർ സ്‌പോർട്‌സിൻ്റെ തത്സമയ കവറേജിൽ ഇടംപിടിച്ചു. ഇതിനപ്പുറം എഡിറ്റോറിയൽ പ്രസക്തി ഇല്ല,” സ്റ്റാർ സ്പോർട്സ് പ്രസ്താവനയില്‍ വിശദീകരിച്ചു.
രോഹിതിന്റെ വാക്കുകള്‍:
ക്രിക്കറ്റ് കളിക്കാരുടെ ജീവിതം നുഴഞ്ഞുകയറാനുള്ളതായി മാറിയിരിക്കുന്നു. പരിശീലനത്തിലോ മത്സര ദിവസങ്ങളിലോ നമ്മുടെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും സ്വകാര്യതയിൽ ഞങ്ങൾ നടത്തുന്ന ഓരോ ചുവടുകളും സംഭാഷണങ്ങളും ക്യാമറകൾ ഇപ്പോൾ റെക്കോർഡുചെയ്യുന്നു.
എൻ്റെ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടിട്ടും അത് പുറത്തുവിട്ടു. ഇത് സ്വകാര്യതയുടെ ലംഘനമാണ്. എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം നേടേണ്ടതിൻ്റെ ആവശ്യകതയും കാഴ്ചക്കാരെ കൂട്ടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും ഒരു ദിവസം ആരാധകരും ക്രിക്കറ്റ് കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസത്തെ തകർക്കും.