ഭർത്താവിന്റെ മുൻവിവാഹത്തിന്റെ ആൽബം നോക്കുമ്പോൾ അതിൽ 9 വയസുകാരിയായ താൻ, കൗതുകം പങ്കുവച്ച് യുവതി

ഭർത്താവിന്റെ ആദ്യവിവാഹത്തിൽ താനൊരു കുട്ടിയായിരിക്കെ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ച് യുവതി. ഇന്തോനേഷ്യയിലെ ബങ്ക ദ്വീപിൽ നിന്നുള്ള 24 -കാരിയായ റെനാറ്റ ഫാദിയയാണ് 62 -കാരനായ ഭർത്താവിന്റെ മുൻവിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ടിക്ടോക്കിൽ വളരെ പെട്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോ വൈറലായി എന്ന് റിപ്പോർ‌ട്ടുകൾ പറയുന്നു. 

2009 -ലായിരുന്നു ആ വിവാഹം. അന്ന് ഒമ്പത് വയസുകാരിയായിരുന്നു ഫാദിയ. പിന്നീടുള്ള വീഡിയോയിൽ ഭർത്താവ് തന്റെ അകന്ന ബന്ധുവാണ് എന്നും അന്ന് താൻ ഒരു അതിഥിയായിട്ടാണ് ആ വിവാഹത്തിൽ പങ്കെടുത്തത് എന്നും ഫാദിയ പറയുന്നുണ്ട്. അവളുടെ ഭർത്താവ് അവളുടെ അമ്മായിയുടെ മരുമകനാണ് എന്നും അവൾ പറയുന്നു. 

എങ്കിലും ഇരുവരും തമ്മിൽ അന്ന് വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, 2019 -ൽ ഇരുവരും വീണ്ടും കണ്ടുമുട്ടുകയും 2020 -ൽ ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. ഒരു വർഷത്തിന് ശേഷം ഇവർക്ക് ഒരു കുഞ്ഞും പിറന്നു. ഭർത്താവിന്റെ മുൻ വിവാഹത്തിന്റെ ആൽബം നോക്കുന്നതിനിടയിലാണ് അതിൽ തന്നെ ഫാദിയ കണ്ടത്. 2011 -ൽ ഭർത്താവും മുൻഭാര്യയും വേർപിരിഞ്ഞു എന്നും ഫാദിയ പറയുന്നു. 

അതേസമയം ഫാദിയയും ഭർത്താവും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി നിരവധി കമന്റുകൾ ഇവരുടെ വീഡിയോയ്ക്ക് വന്നു. എന്നാൽ, അതിന് തക്കതായ മറുപടിയും അവൾ നൽകിയിട്ടുണ്ട്. ‘തങ്ങൾക്കിടയിലെ പ്രായവ്യത്യാസം സ്നേഹത്തിന് ഇതുവരെയും തടസമായിട്ടില്ല’ എന്നാണ് അവൾ പറയുന്നത്. ‘ഒരു കുട്ടിയായിരിക്കുമ്പോൾ യാദൃച്ഛികമായി കണ്ടുമുട്ടി. മുതിർന്നപ്പോൾ വീണ്ടും കാണുകയും ഒരുമിക്കുകയും ചെയ്തു ഇത് വിധി ഒരുക്കിവച്ചതാണ്’ എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. 

എന്തൊക്കെ പറഞ്ഞാലും താനും ഭർത്താവും കുഞ്ഞും സന്തോഷകരമായ ഒരു ജീവിതമാണ് നയിക്കുന്നത് എന്നാണ് ഫാദിയ പറയുന്നത്. 

By admin