തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസിൽ നീക്കങ്ങൾ ശക്തമായി. ചുരുക്കം ചില നേതാക്കള്‍ ഒഴികെ ഗ്രൂപ്പ് വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചാണ് സുധാകരനെതിരെ കരുക്കള്‍ നീക്കുന്നത്.
അശ്രദ്ധമായ പ്രസ്താവനകളിലൂടെയും പ്രതികരണങ്ങളിലൂടെയും  നിരന്തരം വിവാദം സൃഷ്ടിക്കുന്ന കെ. സുധാകരൻ പാർട്ടിക്ക് ബാധ്യതയായെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ പദവയിൽ നിന്ന് മാറ്റാനുള്ള സംയുക്ത ഇടപെടൽ തുടങ്ങിയത്.
‘സെമി കേഡര്‍’ ഏകപക്ഷീയമെന്നതായി മാറി 
പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ചുമതലയേറ്റ സുധാകരൻെറ കാലത്ത് സംഘടന നിർജീവമായി എന്നതാണ് പ്രധാന വിമർശനം. വിവാദങ്ങൾ മാത്രം സൃഷ്ടിക്കുന്ന, മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത പ്രസിഡന്റായി കെ സുധാകരൻ മാറിയെന്നാണ് കോൺഗ്രസിനുള്ളിലെ ഭൂരിപക്ഷ വികാരം. പാർട്ടിയിൽ യോജിപ്പും കൂടിയാലോചനയും വളർത്തുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങളുമായാണ് അദ്ധ്യക്ഷൻ മുന്നോട്ടു പോകുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ഡലം പ്രസിഡൻറുമാരുടെ പുനസംഘടന അടക്കമുളള കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തത് അദ്ധ്യക്ഷൻെറ ഈ സവിശേഷ സമീപനം കൊണ്ടാണ്. പാർട്ടിയിലെ രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങളിൽ  മുതിർന്ന നേതാക്കളുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുന്നതിന് പകരം, ചുറ്റുമുളള ചില അനുയായി വൃന്ദത്തിൻെറ വാക്ക് കേട്ടാണ് കെ.സുധാകരൻ പ്രവർത്തിക്കുന്നതെന്നാണ് പരാതി. 
ഇന്ദിരാ ഭവനിലെ ദൂഷിത വലയം  
പ്രസിഡൻറിനെ ചുറ്റിപ്പറ്റിയുളള അനുയായി വൃന്ദം ഒരു ദൂഷിത വലയമായി മാറിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കെ.സുധാകരനെ മാറ്റണമെന്ന ഉറച്ച അഭിപ്രായത്തിലേക്ക് ഗ്രൂപ്പുകൾ എത്തിയത്. എം.എം.ഹസൻ ആക്ടിങ്ങ് പ്രസിഡൻറ് ആയിരുന്നകാലത്ത് കൈക്കൊണ്ട തീരുമാനങ്ങൾ റദ്ദാക്കുമെന്ന പ്രഖ്യാപനത്തോടെ തന്നെ ഇനി സുധാകരനുമായി യോജിച്ച് പോകാനില്ലെന്ന നിലപാടിലേക്ക് എ ഗ്രൂപ്പ് എത്തിയിരുന്നു.
തലസ്ഥാന ജില്ലയിലെ പ്രധാന നേതാവും എ ഗ്രൂപ്പുകാരനുമായ എം.എ.ലത്തീഫിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാനുളള ഹസൻെറ തീരുമാനം കെ.സുധാകരൻ റദ്ദാക്കിയിരുന്നു. നേരത്തെ തന്നെ സുധാകരൻെറ പല നടപടികളോടും വിയോജിപ്പുളള എ ഗ്രൂപ്പ് നേതൃത്വം, ഇതോടെ പൂർണമായും തെറ്റി. മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് തിരുവനന്തപുരത്തിൻെറ തീരപ്രദേശത്തെ ജനകീയ നേതാവായ ലത്തീഫിനെ തിരിച്ചെടുക്കാൻ ആക്ടിങ്ങ് പ്രസിഡൻറെന്ന നിലയിൽ എം.എം. ഹസൻ തീരുമാനമെടുത്തത്.
ആ തീരുമാനം ഹസനോട് പോലും ചോദിക്കാതെ റദ്ദാക്കിയത് തീർത്തും അപമാനകരമായി പോയെന്ന വികാരമാണ് എ ഗ്രൂപ്പ് നേതൃത്വത്തിനുളളത്. മുതിർന്ന നേതാവായ ഹസന് നൽകേണ്ട  മാന്യത പോലും കൊടുത്തില്ലെന്ന വികാരവും എ ഗ്രൂപ്പിലുണ്ട്. കെ.സുധാകരൻെറ ഏകപക്ഷീയമായ നീക്കത്തോടും നടപടികളോടും വിവാദ പ്രസ്താവനകളോടും എതിർപ്പുളള രമേശ് ചെന്നിത്തലയുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.
സുധാരന്‍ ബാധ്യതയെന്നത് പൊതുവികാരം 
പരസ്യമായ നീക്കത്തിന് തയാറായിട്ടില്ലെങ്കിലും ഫലം വന്നാൽ കെ. സുധാകരൻ മാറുന്നതാണ് പാര്‍ട്ടിക്ക് ഗുണകരം എന്ന താൽപര്യമാണ് രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിനുമുളളത്. എന്നാൽ കെ.പി.സി.സി പ്രസിഡൻറിനെ മാറ്റുന്നതിനൊപ്പം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും മാറ്റിയാൽ കൊളളാമെന്ന ആഗ്രഹം ഐ ഗ്രൂപ്പിന് ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയതിനൊപ്പം ഒരു പാക്കേജായാണ് വി.ഡി.സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിയോഗിച്ചതെന്നതാണ് ഇതിന് ഐ ഗ്രൂപ്പ് പറയുന്ന ന്യായീകരണം.
എന്നാൽ സതീശനെ മാറ്റാനുളള നീക്കത്തോട് പാർട്ടി ഹൈക്കമാൻഡ് യോജിക്കാൻ സാധ്യതയില്ല. മാത്രമല്ല ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ 15 സീറ്റുകളില്‍ അധികം നേടിയാല്‍ സതീശന്‍ സ്റ്റാറാകും. കാരണം സുധാകരന്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒറ്റയ്ക്ക് പ്രചാരണം നയിച്ച സതീശനാണ് പാര്‍ട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നയിച്ചത്.
പുതിയ കെപിസിസി പ്രസിഡന്‍റ് ആഗസ്റ്റില്‍ ?
കെ.സുധാകരനെ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നീക്കുന്ന കാര്യത്തിൽ, ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസത്തിനകം തീരുമാനം ഉണ്ടായേക്കുമെന്നാണ്  സൂചന. സുധാകരനെ മാറ്റാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇത് മനസിലാക്കിയാണ്, ചില കാര്യങ്ങൾ പറയേണ്ടി വന്നാൽ പറയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. എം.എം.ഹസനെ ആക്ടിങ്ങ് പ്രസിഡൻറായി നിലനിർത്തികൊണ്ട് കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കാമെന്നായിരുന്നു നേരത്തെയുളള കണക്കൂകൂട്ടൽ.
എന്നാൽ പ്രസിഡൻറ് പദവിയിൽ തിരിച്ചെടുത്തില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരൻെറ ഭീഷണിക്ക് മുന്നിൽ നേതൃത്വം വഴങ്ങിയപ്പോൾ, തകർന്നത് സുധാകര വിരുദ്ധരുടെ സ്വപ്നങ്ങൾ കൂടിയാണ്. പാർട്ടിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിലും സുധാകരനോട് എതിർപ്പുണ്ട്. 
ബദല്‍ നീക്കങ്ങളുമായി സുധാകരന്‍ 
തന്നെ മാറ്റാനുളള എതിർചേരിയുടെ നീക്കങ്ങളെക്കുറിച്ച് ബോധ്യമുളള കെ.സുധാകരനും ബദൽ നീക്കങ്ങൾ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ സീറ്റെണ്ണം കുറഞ്ഞാൽ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെടാനാണ്  സുധാകര പക്ഷത്തെ ആലോചന.
ഭരണവിരുദ്ധ വികാരത്തെ അനുകൂലമാക്കി മാറ്റാൻ സാധിക്കാത്തത് പ്രതിപക്ഷ നേതാവിന്റെ പരാജയമാണെന്ന് വരുത്തിതീർത്ത് സതീശനെ മാറ്റുകയാണ് ലക്ഷ്യം. സതീശൻെറ ഇടപെടലാണ് കെ.പി.സി.സി അദ്ധ്യക്ഷനെ ഇകഴ്ത്തിക്കാട്ടുന്ന പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് സുധാകരപക്ഷം സംശയിക്കുന്നത്. തൻെറ സ്ഥാനം തെറിച്ചാൽ പ്രതിപക്ഷ നേതാവിനെയും പുറത്താക്കുകയെന്ന താൽപര്യം കൂടി സുധാകരന് ഉണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *