കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് അറസ്റ്റിൽനിന്ന് താൽക്കാലിക സംരക്ഷണം.
കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി.
സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ‍ ൈഹക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ വാദിച്ചു.
സത്യഭാമയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത യുട്യൂബ് ചാനലുമായി ബന്ധപ്പെട്ട രണ്ടും മൂന്നും പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 
തന്റെ കക്ഷി ഒരു സ്വകാര്യ ഇടത്തിൽ ഇരുന്ന് സംസാരിക്കുകയാണ് ചെയ്തത്. അത് പ്രചരിപ്പിച്ചത് രണ്ടും മൂന്നും പ്രതികളാണ്. എന്നാൽ അവർക്ക് ജാമ്യം അനുവദിച്ചിട്ടും സത്യഭാമയ്ക്ക് ജാമ്യം നൽകിയില്ല. പൊലീസ് തന്റെ കക്ഷിയുടെ പിന്നാലെയാണ്.
സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയക്കാരും പിന്നാലെയുണ്ട്. ഒത്തുകളിക്കുന്നു എന്നാണ് അവരുടെ ആരോപണം. അതിനാൽ അറസ്റ്റിൽനിന്ന് സംരക്ഷണം വേണമെന്നും ആളൂർ ആവശ്യപ്പെട്ടു.
കേസിന്റെ വിശദാംശങ്ങളിലേക്ക് വാദത്തിന്റെ സമയത്ത് കടക്കാമെന്നും അറസ്റ്റ് സംബന്ധിച്ച് സർക്കാരിന്റെ നിലപാട് അറിയിക്കാനും തുടർന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതുവരെ അറസ്റ്റിൽ നിന്ന് സംരക്ഷണവും അനുവദിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *