അയേണ്‍ അഥവാ ഇരുമ്പ് ശരീരത്തിന് ഏറെ പ്രധാനമാണ് ഒരു ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങൾ. അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിനുള്ള പ്രതിവിധി.
ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. കൂടാതെ കാത്സ്യവും മഗ്നീഷ്യവും അടങ്ങിയ ചിയ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
അയേൺ ധാരാളം അടങ്ങിയ ഒന്നാണ് മത്തന്‍ വിത്തുകള്‍. സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, കെ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമായ മത്തന്‍ കുരു ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ശരീരത്തിന് വേണ്ട ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ എള്ളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.