അഞ്ചാം ​ഘട്ടത്തിലും തണുപ്പൻ പ്രതികരണം, 50 ശതമാനം പോലും പിന്നിടിനാകാതെ പല മണ്ഡലങ്ങളും 

ദില്ലി: തെരഞ്ഞെടുപ്പ് പൂർത്തിയായ മഹാരാഷ്ട്രയിലടക്കം  അ‍ഞ്ചാം ഘട്ടത്തിലും  തണുത്ത പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ പുറത്ത് വിട്ട  കണക്കനുസരിച്ച് ഉച്ചക്ക് ശേഷം മൂന്ന് വരെ 47.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര അഞ്ചാം ഘട്ട വോട്ടെടുപ്പ് അഞ്ചു മണി വരെ ആയപ്പോള്‍ 48.66% പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് കല്യാണിൽ 41.70%. നാലു മണ്ഡലങ്ങളിൽ പോളിംങ് 50 ശതമാനം പിന്നിട്ടു. 

റായ്ബറേലിയിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടർമാർക്ക് പണം നൽകിയെന്നാരോപിച്ച് പശ്ചിമബംഗാളിൽ തൃണമൂൽ സ്ഥാനാര്ത്ഥിക്കെതിരെ ബിജെപി  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ബൂത്തുകളിലടക്കം വലിയ ആവേശം കാണാനായില്ല. ലഖ്നൗ, റായ്ബറേലിയടക്കം  പലയിടങ്ങളിലും വോട്ടിംഗ് മെഷിനുകൾ പണിമുടക്കിയത് പോളിംഗ് വൈകിപ്പിച്ചു.

രാമക്ഷേത്രം യാഥാർത്ഥ്യമായതിൻറെ ആവേശം പക്ഷേ അയോധ്യയിലെ ബൂത്തുകളിൽ കണ്ടില്ല.  ഹനുമാൻ ക്ഷേത്രത്തിൽ  പ്രാർത്ഥന  നടത്തി റായ്ബറേലിയിലെ ബൂത്തുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗിൻറെ സഹോദരൻ ബിജെപിക്ക് വോട്ട് ചെയ്യാൻ  ഭീഷണിപ്പെടുത്തുകയാണെന്ന് വോട്ടർമാരെ മാധ്യമങ്ങൾക്ക് രാഹുൽ മുന്നിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നറിയിച്ചു. 

അമേഠിയിൽ വിജയം ആവർത്തിക്കുമെന്ന് സ്മൃതി ഇറാനി.

കടുത്ത ചൂടും നഗരകേന്ദ്രീകൃത മണ്ഡലങ്ങളിലെ വോട്ടർമാരുടെ തണുത്ത പ്രതികരണവും അഞ്ചാം ഘട്ടത്തിലും  മഹാരാഷ്ട്രയിൽ പ്രതിഫലിച്ചു. കർഷക ഭൂരിപക്ഷ പ്രദേശമായ നാസിക്കിലും ദിൻഡോരിയിലും താരതമ്യേന ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. ബോളിവുഡ് താരങ്ങളും വ്യവസായികളുമടക്കം പ്രമുഖരുടെ നിര തന്നെ പോളിംഗ് ബൂത്തിലെത്തിയെങ്കിലും മുംബൈയിലെ പോളിംഗ് ശതമാനം കുറഞ്ഞു നിന്നു. ലഡാക്കിലും പശ്ചിമബംഗാളിലും മാത്രമാണ് പോളിംഗ് ശതമാനം മൂന്ന് മണിയോടെ അറുപത് പിന്നിട്ടത്. ബംഗാളിലെ ബാരക്ക്പൂർ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി പാർത്ഥ ഭൗമിക്കിനെതിരെയാണ് വോട്ടിന് പണം  ആരോപണത്തിൽ ബിജെപി സ്ഥാനാർത്ഥി അർജ്ജുൻ സിംഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പോളിംഗ് ശതമാനം റെക്കോർഡാക്കണമെന്ന് രാവിലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നെങ്കിലും ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വോട്ടെടുപ്പിൽ മെല്ലപ്പോക്കാണ് കണ്ടത്. 

By admin