തിരുവനന്തപുരം:  കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസിലെ ഒരു വിഭാഗം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ സുധാകരനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. 
കെ സുധാകരനെ പ്രതീക്ഷയോടെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതെങ്കിലും അതിന്റെ ഫലം ഉണ്ടായില്ലെന്നാണ് പ്രവർത്തകരുടെ പക്ഷം. പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് സുധാകരൻ സ്വീകരിക്കുന്നതെന്നാണ് വിമർശനം. 
ആദ്യഘട്ടത്തിൽ കുറച്ച് ഫലപ്രദമായി പ്രവർത്തിക്കാൻ സുധാകരന് ആയിരുന്നു. എന്നാൽ പിന്നീട് സുധാകരന്റെ ശൈലിയിൽ മാറ്റം ഉണ്ടായി. ചില നേതാക്കളുടെ തടവറയിലാണ് സുധാകരനെന്നും നേതാക്കൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി പാർട്ടിയിൽ ഐക്യമില്ല. പ്രസിഡന്റിന്റെ പിന്തുണയോടെ ചില നേതാക്കൾ നടത്തുന്ന ഭരണം പാർട്ടിയെ വീണ്ടും പഴയ ഗ്രൂപ്പുകളിയിലേക്ക് നയിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. 
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഐക്യമില്ലാതെ പ്രവർത്തിക്കുന്നുവെന്നും പരാതി ഉണ്ട്. സമരാഗ്നി യാത്രയിലെ സുധാകരന്റെ പരാമർശങ്ങളും നേതാക്കൾ ആയുധമാക്കുന്നുണ്ട്. 
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സുധാകരനെ മാറ്റിയില്ലേൽ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ സുധാകരന് പറ്റില്ലെന്നും  ഇവർ പറയുന്നു. 
എന്നാൽ ഫലം  വരുമ്പോൾ വലിയ തിരിച്ചടിയില്ലേൽ സുധാകരൻ തുടരട്ടെയെന്ന് മറു വിഭാഗം നിലപാട് എടുക്കുന്നുണ്ട്. ചില മുതിർന്ന നേതാക്കളുടെ പിന്തുണയും ഇക്കാര്യത്തിൽ സുധാകരനുണ്ട്. 
ഏതെങ്കിലും വിധത്തിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ അതിൽ സുധാകരനെ മാത്രം പഴിക്കേണ്ടെന്നും പ്രതിപക്ഷ നേതാവിനും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സുധാകര പക്ഷത്തിന്റെ വാദം.  അതുകൊണ്ടു തന്നെ ഫലമെന്ത് തന്നെയായാലും ജൂൺ നാലിന് ശേഷം  സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി ഉറപ്പാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *