കാത്തിരിപ്പ് എപ്പോള്‍ വരെ? ‘ഇന്ത്യന്‍ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

കോളിവുഡിന് ഈ വര്‍ഷം ഇതുവരെ വരള്‍ച്ചയുടേതാണെങ്കിലും 2024 അവസാനിക്കുന്നത് അങ്ങനെ ആയിരിക്കില്ല. വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന നിരവധി സൂപ്പര്‍താര ചിത്രങ്ങളാണ് തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷം വരാനിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. ഈ വര്‍ഷം ജൂണില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം അല്‍പം നീളുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവയെ ശരി വച്ചുകൊണ്ട് ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഈ വര്‍ഷം ജൂലൈ 12 ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസിന് ഇനിയും കുറച്ച് കാത്തിരിക്കണമല്ലോ എന്ന് നിരാശരാകുന്ന ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം എപ്പോള്‍ എത്തുമെന്ന വിവരമാണ് അത്. ചിത്രത്തിലെ ആദ്യ സിംഗിള്‍ മെയ് 22 ന് പുറത്തെത്തും. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ നടന്ന ഐപിഎല്‍ മാച്ചിന്‍റെ സമയത്ത് നടന്ന പ്രൊമോഷണല്‍ പരിപാടിയില്‍ കമല്‍ പറഞ്ഞിരുന്നു.

 

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.

ALSO READ : തെലുങ്കിലും കൈയടി നേടാന്‍ അനിരുദ്ധ്; ‘ദേവര’യിലെ ഫിയര്‍ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin