സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. താരനിരയും സംവിധായകന്‍റെ മുന്‍ ചിത്രവുമായിരുന്നു അതിന് കാരണം. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.
വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്‍ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഇന്ന് ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ല്‍ ഏറെ ഹൗസ്‍ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ കണക്കാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി – എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.