വീട്ടില്‍ പ്രസവിച്ച് 27കാരി; രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
തൃശൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തൃശൂര്‍ ഇരിങ്ങാലക്കുട കാറളം സ്വദേശിനിയായ 27കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ ബന്ധുകള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ബിബിന്‍ ഡാനിയേല്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രശാന്ത് എം.പി എന്നിവര്‍ സ്ഥലത്ത് എത്തി.
തുടര്‍ന്ന് പ്രശാന്ത് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.