കോഴിക്കോട്: വടകരയിലെ വർഗീയ വിഭജനത്തിന് പരിഹാരം കാണാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന കാര്യത്തിൽ നിലപാട് മാറ്റി മുസ്ളിം ലീഗ്. യോഗം വിളിക്കേണ്ടത് സർക്കാർ ആണെന്നും ഇനി ആവശ്യപ്പെടേണ്ടതില്ലെന്നുമാണ് മുസ്ളീം ലീഗിൻെറ പുതിയ നിലപാട്.
പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിൽ നിന്നും യു.ഡി.എഫിൽ കോൺഗ്രസിൽ നിന്നും ആർ.എം.പിയിൽ നിന്നും ഉയർന്ന ശക്തമായ എതിർവികാരം കണക്കിലെടുത്താണ് മുസ്ളിം ലീഗ് നിലപാട് തിരുത്തിയത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലി കുട്ടിയാണ് നിലപാട് മാറ്റം പരസ്യമാക്കിയത്.
സി.പി.എം മുന്നോട്ടുവെച്ച സർവ്വകക്ഷിയോഗം എന്ന ആവശ്യത്തെ പിന്തുണക്കുകയും ഇത് സംബന്ധിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനുമായി ചർച്ച നടത്തുകയും ചെയ്ത പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാണ് നിലപാട് മാറ്റം പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമായി. നേരത്തെ സർവ്വകക്ഷി യോഗം വിളിക്കാൻ യത്നിച്ച പി.കെ.കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിൽ നിന്നും പോഷക സംഘടനകളിൽ നിന്നും എതിർപ്പുണ്ടായപ്പോൾ തന്നെ സമവായ സൂചനകൾ നൽകിയിരുന്നു.
പാർട്ടി ഘടകങ്ങളുടെ വികാരം ഉൾക്കൊളളുന്ന പ്രതികരണമാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നും നടത്തിയത്. ” വടകരയിൽ സർവകക്ഷി യോഗം വിളിക്കേണ്ടത് സർക്കാരാണ്, ഇനി പാർട്ടികൾ ആവശ്യപ്പെടേണ്ടതില്ല. വടകരയിലെ വ്യാജ വിഡിയോയുടെ ഉറവിടം കണ്ടെത്തണം. വ്യാജപ്രചാരണം സമൂഹത്തിൽ അപകടകരമായ അവസ്ഥയുണ്ടാക്കി കേരളത്തിൽ ഭിന്നിപ്പിച്ച് വോട്ട് നേടാൻ സി.പി.എം ശ്രമിച്ചു. കേരളത്തിലെ സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പിയുടെ തനി പകർപ്പാണ്.”കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ വടകരയിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയും ലീഗ് നേതാക്കൾക്കുളള അതൃപ്തിയും എതിർപ്പും പൂർണമായി മാറിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് സംസ്ഥാന നേതൃത്വം.
സർവ്വകക്ഷിയോഗം വിളിക്കാൻ മുൻകൈയ്യെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനുമായി ചർച്ച നടത്തിയതിലും കോൺഗ്രസ് നേതൃത്വത്തിനും ശക്തമായ എതിർപ്പുണ്ടായിരുന്നു. സർവ്വകക്ഷി യോഗം വിളിക്കേണ്ടത് പാർട്ടികളല്ല, കളക്ടറാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കെ.മുരളീധരൻ അടക്കമുളള നേതാക്കൾ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനുമായി കുഞ്ഞാലിക്കുട്ടി നടത്തിയ ചർച്ചയെപ്പറ്റി അറിയില്ലെന്ന് പ്രതികരിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറും അമർഷം ഉണ്ടെന്ന സൂചന നൽകിയിരുന്നു.
വടകരയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. തിരഞ്ഞെടുപ്പ് ജയിക്കാനായി എല്ലാ കുതന്ത്രവും പയറ്റിയ ശേഷം വർഗീയ വിഭജനം ഉണ്ടായെന്ന് വിലപിക്കുന്ന സി.പി.എം അതിൻെറ ഉത്തരവാദിത്തം യു.ഡി.എഫിൻെറ തലയിൽ കെട്ടി വെയ്ക്കാനുളള ശ്രമമാണ് സർവ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിലൂടെ നടത്തുന്നതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സർവ്വകക്ഷി യോഗത്തെ പിന്തുണക്കുക എന്നാൽ സി.പി.എം തന്ത്രത്തിൽ വീഴുന്നതിന് തുല്യമാണെന്നും സി.പി.എം കരുതുന്നു.ആർ.എം.പി സംസ്ഥാന നേതൃത്വവും സർവ്വകക്ഷിയോഗം വിളിക്കാനുളള ലീഗിൻെറ നീക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
വടകരയിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് മുസ്ലിം ലീഗായിരുന്നു. എന്നാൽ യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന് വിയോജിപ്പുണ്ടായിരുന്നു. പ്രതികരണത്തിന് തിടുക്കം കാണിക്കാതിരുന്ന കോൺഗ്രസ്, കളക്ടർ യോഗം വിളിച്ചാൽ സഹകരിക്കുമെന്ന ഒഴുക്കൻ മട്ടിലുളള മറുപടി മാത്രമാണ് നൽകിയിത്.
യുഡിഎഫിലെ പ്രാദേശിക ഘടകങ്ങൾക്കും നീക്കത്തിൽ എതിർപ്പുണ്ടായിരുന്നു. ലീഗ് സിപിഐഎമ്മുമായി ആശയവിനിമയം നടത്തിയതിലും അമർഷം പുകഞ്ഞു. ഇതോടെയാണ് സർവ്വകക്ഷിയോഗത്തിൻെറ കാര്യത്തിൽ സ്വീകരിച്ച ആദ്യ നിലപാട് തിരുത്താൻ ലീഗ് നേതൃത്വം നിർബന്ധിതമായത്.ലീഗ് വഴി യു.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുളള സി.പി.എമ്മിൻെറ രാഷ്ട്രീയ നീക്കവും ഇതോടെ പൊളിഞ്ഞു.