കൊച്ചി: കോടിക്കണക്കിന് ഡോളര്‍ വിറ്റുവരവുള്ള 110 വര്‍ഷത്തെ പാരമ്പര്യമുള്ള ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്‍റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 37.196 ബില്യണ്‍ പൗണ്ടുമായി 2024ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി. യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ 1000 വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്‍റെ ഈ പട്ടികയില്‍ ഉള്ളത്. ആഗോള ബിസിനസ്സില്‍ ഹിന്ദുജ ഗ്രൂപ്പ് കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്കും വിജയത്തിനുമുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിംഗ്.
യുകെ ആസ്ഥാനമായുള്ള കുടുംബത്തിന്‍റെ ജി. പി. ഹിന്ദുജ ചെയര്‍മാനായുള്ള ഗ്രൂപ്പ് കമ്പനികള്‍ 38 രാജ്യങ്ങളിലായി മൊബിലിറ്റി, ഡിജിറ്റല്‍ ടെക്നോളജി, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മീഡിയ, പ്രോജക്ട് ഡെവലപ്മെന്‍റ്, ലൂബ്രിക്കന്‍റ്സ് ആന്‍ഡ് സ്പെഷ്യാലിറ്റി കെമിക്കല്‍സ്, എനര്‍ജി, റിയല്‍ എസ്റ്റേറ്റ്, ട്രേഡിംഗ്, ഹെല്‍ത്ത്കെയര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്.
വിവിധ മേഖലകളിലെ മികച്ച ബിസിനസ് നേട്ടങ്ങള്‍ക്കൊപ്പം ഹിന്ദുജ ഫൗണ്ടേഷനിലൂടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.
രണ്ട് വര്‍ഷം മുമ്പ് സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും, ഭാര്യ അക്ഷത മൂര്‍ത്തിയും പട്ടികയില്‍ 245-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.