തൃശ്ശൂർ ദേശമം​ഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ദേശമം​ഗലം വരവട്ടൂർ ഭാരതപുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. പുഴയിൽ മുങ്ങിപ്പോയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ. അതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഇന്ത്യ നേപ്പാൾ ബോർഡിൽ നിന്നും വന്ന അതിഥി തൊഴിലാളിയുടെ മക്കളാണ്. അമ്മ സുധ വരവട്ടൂരിലെ കന്നുകാലി ഫാമിൽ ജോലി ചെയ്യുകയാണ്. മരിച്ച കുട്ടികളുടെ മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി കൊടലൂരിൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചതിന് പുറകെയാണ് വരവട്ടൂരിൽ 2 കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.

By admin