തിരുവനന്തപുരം: രാജ്യരഭാ സീറ്റിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് – എം വിട്ടുവീഴ്ച ചെയ്തേക്കില്ല. സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള പദവി സ്വീകരിച്ച് രാജ്യസഭ വിട്ടുനല്‍കുന്ന തരത്തിലുള്ള സിപിഎം ഫോര്‍മുലകള്‍ സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തുവന്ന വാര്‍ത്തകള്‍ കേരള കോണ്‍ഗ്രസ് – എം തള്ളിക്കളഞ്ഞു. പാര്‍ട്ടിക്കുള്ള ഏക രാജ്യസഭാ സീറ്റ് ബലികൊടുത്തുകൊണ്ടുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ്.
കേരള കോണ്‍ഗ്രസ് – എം ഇടതു മുന്നണിയിലേയ്ക്ക് പ്രവേശിക്കുന്നതു തന്നെ ഒരു രാജ്യസഭാ സീറ്റുമായാണ്. യുഡിഎഫിലായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ സീറ്റ് രാജിവച്ച് അതേ ഒഴിവിലാണ് ജെസ് കെ മാണി വീണ്ടും രാജ്യസഭയിലെത്തിയത്. അന്നുണ്ടായിരുന്ന പാര്‍ട്ടിയുടെ പദവികള്‍ നഷ്ടപ്പെടുത്തി മുന്നണിയില്‍ നില്‍ക്കേണ്ട അവസ്ഥ കേരള കോണ്‍ഗ്രസിനില്ല. രാജ്യസഭാ സീറ്റ് നല്‍കിയാല്‍ രാജ്യസഭാംഗത്വമില്ലാത്ത പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് – എം മാറും. അത് അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാവുകയില്ല.
പ്രത്യേകിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി വഹിക്കുന്ന പദവിയാണിത്. കേരള കോണ്‍ഗ്രസ് – എം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേയ്ക്ക് പ്രവേശിച്ചതിന്‍റെ ‘രാഷ്ട്രീയ രക്തസാക്ഷിത്വ’മാണ് ജോസ് കെ മാണിയുടെ പാലായിലെ തോല്‍വി. ആ തോല്‍വിക്ക് എല്ലാ അര്‍ഥത്തിലും കുടപിടിച്ചത് സിപിഎമ്മിന്‍റെ പ്രാദേശിക ഘടകമാണെന്ന ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞും കേരള കോണ്‍ഗ്രസിന്‍റെ അണികള്‍ക്കുണ്ട്.
മാത്രമല്ല, പാലായില്‍ ജോസ് കെ മാണി വിരുദ്ധരായ സിപിഎം നേതാക്കളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ചില മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതും. ജോസ് കെ മാണിയെ പരസ്യമായി അവഹേളിച്ച നേതാവിനൊപ്പം ജില്ലയിലെ ഏക മന്ത്രി വിഎന്‍ വാസവന്‍ പാലാ ടൗണില്‍ ബോട്ട് യാത്ര നടത്തിയത് കേരള കോണ്‍ഗ്രസിന്‍റെ നീരസത്തിന് ഇടയാക്കിയിരുന്നു. പാലായിലെ രാഷ്ട്രീയവുമായി കൂടി ബന്ധപ്പെട്ടതാണ് ഈ രാജ്യസഭാ സീറ്റ്.
ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടാനിടയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടും അതിന് നേതൃത്വം നല്‍കിയ നേതാവിനെ തമസ്കരിക്കുന്ന നിലപാട് മുന്നണിയുടെ ഭാഗത്ത് വീണ്ടും.. വീണ്ടും ഉയരുന്നത് കേരള കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ജോസ് കെ മാണി വഹിക്കുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു നീക്കത്തോടും യോജിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് കേരള കോണ്‍ഗ്രസ് – എം.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വഹിച്ചിരുന്ന ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ക്യാബിനറ്റ് പദവിയോടെ കേരള കോണ്‍ഗ്രസ് – എമ്മിനു നല്‍കിക്കൊണ്ടുള്ള പ്രശ്ന പരിഹാരത്തിനായിരുന്നു സിപിഎം ഫോര്‍മുല. പ്രമുഖ മാധ്യമങ്ങളാണ് ഇന്ന് ഈ ഫോര്‍മുല സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. അതോടെയാണ് കേരള കോണ്‍ഗ്രസ് – എം ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.