കോട്ടയം: പഴകിയ ഭക്ഷണം മുതൽ ആരോഗ്യത്തിന് ഹാനികരമാകുന്ന മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വരെ ഹോട്ടലുകളിലെ തീൻ മേശയിൽ, പരിശോധന പേരിൽ മാത്രം ഒതുക്കി ഒത്താശ ചെയ്തു ഭക്ഷ്യ സുരക്ഷാ വകുപ്പും. ലാഭം ഉണ്ടാക്കാൻ മായം കലർന്ന എണ്ണ മുതൽ ഹോട്ടലുകളും ഭക്ഷ്യ ഉൽപ്പാദന യൂണിറ്റുകളും പയറ്റുന്ന തന്ത്രങ്ങൾ പലതാണ്.
ഭക്ഷണമെന്ന് കരുതി കാശ് കൊടുത്ത് വാങ്ങുന്നത് വിഷമാണെങ്കില്‍ അതിനോളം വലിയ ചതിയും വിശ്വാസവഞ്ചനയുമില്ല. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം പരിശോധനയും അധികൃതരുടെ ഇടപെടലും ഉണ്ടാകുന്നതാണ് ഭക്ഷ്യസുരക്ഷ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 

ഭക്ഷണ ശാലകളിലെയും പാചകക്കാരുടേയും വൃത്തി മുതല്‍ കേടായ ഭക്ഷണം വരെ പല ഹോട്ടലുകളിലും കാണാം. പഴകിയ എണ്ണയും രാസപദാർഥങ്ങൾ ചേർത്ത ഭക്ഷണ പദാർഥങ്ങളും മാലിന്യം കലർന്ന വെള്ളവുമൊക്കെ ഉപയോഗിക്കുന്ന സംഭവങ്ങളും ഏറെയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഭക്ഷണങ്ങളിൽ മണത്തിലും നിറത്തിനുമായി രാസവസ്തുക്കൾ ചേർക്കുന്ന ഹോട്ടലുടമകളുടെ എണ്ണവും വർധിച്ചു വരികയാണ്.

പല ഹോട്ടലുകളിലെയും അവസ്ഥ ഇതാണെന്നിരിക്കെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് പരിശോധനകൾ നടത്തുന്നത്. ലൈസൻസ് ഇല്ലാത്തവയും, വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്ന ഹോട്ടലുകൾ, പഴക്കം ചെന്ന് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ ഒക്കെ പൂട്ടിക്കാറുണ്ടെങ്കിലും ഇവ കുറച്ചുനാളുകൾക്ക് ശേഷം വീട്ടും തുറക്കും. 
ഇത്തരത്തിൽ തുറക്കുന്ന ഹോട്ടലുകൾ ഇതേ കാരണത്താൽ വീണ്ടും പൂട്ടിയിട്ടുന്നതും പതിവാണ്. പണവും സ്വാധീനവും ഉള്ളവരാണെങ്കിൽ എല്ലാത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടു നിൽക്കും.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിളുകള്‍ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും അതിന്മേല്‍ ഒട്ടുമിക്ക ജില്ലകളിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിജിലന്‍സ് വർഷാ വർഷം കണ്ടെത്തി നടപടി സ്വീകരിക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം സംഘടന സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥർ രക്ഷപെടുകയും ചെയ്യും.

2023 മാർച്ചിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരു വര്‍ഷത്തിലധികം കാലതാമസം വരുത്തുന്നതായും ഇതുവഴി കാലതാമസം ഉണ്ടായതിന്റെ പേരില്‍ ഭക്ഷ്യ ഉത്പാദകരും വിതരണക്കാരും ഇറക്കുമതി ചെയ്യുന്നവരും നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയെന്നും കണ്ടെത്തിയിരുന്നു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഫീല്‍ഡ് പരിശോധന വേളയില്‍ എടുക്കുന്ന സാമ്പിളുകളില്‍ ഗുണനിലവാരമില്ലാത്ത്, തെറ്റായബ്രാന്‍ഡ് എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ചില ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനാഫലം നല്‍കുന്നത് വൈകിപ്പിക്കുന്നു. ഇത് നിലവാരമില്ലാത്തതും, തെറ്റായ ബ്രാന്‍ഡുമായ ആഹാരസാധനങ്ങള്‍ വിറ്റ് തീര്‍ക്കുന്നതിന് സാഹചര്യം ഒരുക്കിനല്‍കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി.   
അന്നത്തെ പരിശോധനയും ബഹളങ്ങളും അവസാനിച്ചതോടെ ഉദ്യോഗസ്ഥർ പഴയപടിയായി. ഇതിനു തെളിവാണ് വ്യാഴാഴ്ച നടന്ന പരിശോധന. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ റെയിഡിൽ കോട്ടയത്തു മാത്രം കണ്ടെത്തിയത് നിരവധി ക്രമക്കേടുകളാണ്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനപൂർവം കാലതാമസം വരുത്തി ശിക്ഷണ നടപടികളിൽ നിന്നും ഒഴിവാക്കുന്നതായും കണ്ടെത്തി.

ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ എടുത്തിട്ടുള്ള ഭക്ഷ്യ ഉൽപാദകർ അതത് വർഷം മാർച്ച് 31നകം റിട്ടേൺ ഫയൽ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കാതിരിക്കുന്നതായും വ്യക്തമായിട്ടുണ്ട്. കോട്ടയം ഫുഡ് സേഫ്റ്റി അസി. കമീഷണർ ഓഫീസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി സർക്കിൾ ഓഫിസുകൾ എന്നിവിടങ്ങളിൽ മാത്രം നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേടുകൾ ഉദ്യോഗസ്ഥർ നടത്തിയതായി കണ്ടെത്തിയത്. മറ്റു ജില്ലകളിലും സമാന അവസ്ഥയാണ്. പണവും സ്വാധീനവും ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കുമെന്നതിനു തെളിവാണിത്.

മായം ചേർന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് മനുഷ്യരിൽ സൃഷ്ടിക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പടെ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
ഭക്ഷണപദാർഥങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ ശരീര കോശങ്ങളിൽ അടിഞ്ഞുകൂടുന്നതോടെ ഞരമ്പ് സംബന്ധമായ രോഗങ്ങളും കാൻസറും വയറിൽ അൾസറും വരാൻ സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം അറിയാമെങ്കിങ്കിലും സ്വന്തം കീശ നിറക്കുന്നതിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കു താൽപര്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *