കോട്ടയം: ക്‌നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയുടെ സസ്‌പെന്‍ഷനിലേക്കു നയിച്ചതു പാത്രിയാര്‍ക്കീസിന്റെ അധികാരം ആത്മീയമായ നേതൃത്വം മാത്രമാക്കി ചുരുക്കണമെന്ന നിലപാട്. ഈ മാസം 21നു ക്‌നാനായ അസോസിയേഷന്‍ യോഗം സഭയുടെ ആസ്ഥാനമായ ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് വിളിച്ചുചേര്‍ത്തതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്കു കാരണം.
അന്ത്യോഖ്യ പാത്രിയര്‍ക്കീസാണു സഭയുടെ ഭരണഘടനപ്രകാരം പരമാധികാരിയും മേലധികാരിയും. ഈ വ്യവസ്ഥ ഒഴിവാക്കി ഭരണഘടന ഭേദഗതി ചെയ്യാന്‍ ലക്ഷ്യമിട്ടാണു യോഗം വിളിച്ചത്. ഭരണ ഇടപെടലുകള്‍ പകരം പാത്രിയാര്‍ക്കീസിന്റെ അധികാരം ആത്മീയമായ നേതൃത്വം മാത്രമാക്കി ചുരുക്കണമെന്നാണു സേവേറിയോസിനെ അനുകൂലിക്കുന്ന ക്‌നാനായ അസോസിയേഷന്‍ന്റെ നിലപാട്. ഇതിനെതിരെ എതിര്‍വിഭാഗം പരാതി നല്‍കിയതോടെ പാത്രിയാര്‍ക്കീസ് ബാവാ, വ്യാഴാഴ്ച വൈകീട്ട് വീഡിയോ കോളിലൂടെ സേവേറിയോസിനോട് വിശദീകരണം തേടിയിരുന്നു.

 എന്നാല്‍, വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാവിലെ പാത്രിയര്‍ക്കീസ് ബാവ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കല്‍പന പുറപ്പെടുവിക്കുകയായിരുന്നു.

അമേരിക്കയിലെ ക്‌നാനായ പള്ളിയില്‍ വിശുദ്ധ വാരത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അവസരം നല്‍കിയതും ഓര്‍ത്തഡോക്‌സ് ബാവായ്ക്കു സ്വീകരണം നല്‍കിയതുമായ സംഭവങ്ങളില്‍ സഭയുടെ നിലപാടുകള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും വിരുദ്ധമായാണു മാര്‍ സേവേറിയോസ് പ്രവര്‍ത്തിച്ചതെന്നു കല്‍പനയില്‍ പറയുന്നു.
ഇതോടൊപ്പം വികാരി ജനറാള്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചതിനു ശേഷം നടപടി സ്വീകരിക്കാതിരുന്നതിന്‌ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. ഇതു വിഷയത്തില്‍ മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത നടത്തിയ ഒത്താശയുടെയും കൂട്ടുകെട്ടിന്റെയും തെളിവാണെന്നും അന്ത്യോക്യയിലെ വിശുദ്ധ സിംഹാസനത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതിനു തുല്യമായ നപടിയാണിതെന്നും കല്‍പനയില്‍ പറയുന്നു. 
ഇന്ത്യയിലെ ക്‌നാനായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എന്ന പദവി തിരിച്ചെടുത്തിട്ടും സേവേറിയോസ്  മെത്രാപ്പൊലീത്ത ആത്മപരിശോധന നടത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ കാണിക്കുന്നത്. ഈ പെരുമാറ്റത്തില്‍ ദുഃഖവും നിരാശയും ഉണ്ടെന്നും കല്‍പ്പനയില്‍ പറയുന്നു.അന്ത്യോക്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 65ല്‍ ആവശ്യപ്പെടുന്നത് പോലെ സേവേറിയോസ് മെത്രാപ്പോലീത്ത വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഒരു നല്ല മാതൃകയല്ല നല്‍കുന്നതെന്നും കല്‍പനയില്‍ പരാമര്‍ശമുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *