ആഗ്രയുടെ മണ്ണിൽ സഞ്ചാരികളുടെ ഹൃദയം കീഴടക്കി മറ്റൊരു വെള്ള മാർബിൾ നിർമിതി. പ്രണയമഹലിൽ നിന്ന് 12 കിലോമീറ്റർ അകലെ സ്വാമി ബാഗിലെ രാധാസ്വാമി വിഭാഗത്തിൻ്റെ സ്ഥാപകന് വേണ്ടി പണി കഴിപ്പിച്ച സ്മാരകമാണ് (സ്വാമി ബാഗ് സമാധ്) മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങൾക്ക് പേരുകേട്ട ആഗ്രയിൽ കലാപരമായ വൈദഗ്ധ്യംകൊണ്ടും വാസ്തുവിദ്യാ വൈഭവംകൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ആയിരക്കണക്കിന് കരകൗശല വിദഗ്ധരുടെ അധ്വാനത്താൽ 22 വർഷം കൊണ്ടാണ് താജ്മഹലിന്റെ നിർമാണം പൂർത്തീകരിച്ചതെങ്കിൽ 104 വർഷങ്ങളെടുത്താണ് സ്വാമി ബാഗ് സമാധിന്റെ നിർമാണം പൂർത്തീകരിച്ചത്. ഒരു നൂറ്റാണ്ടെടുത്ത് നിർമ്മാണം പൂർത്തികരിച്ച ഈ വെള്ള മാർബിൾ നിർമിതി ആത്മീയതയോട് ചായ്‌വുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
52 കിണറുകളുടെ അടിത്തറയിൽ രാജസ്ഥാനിലെ മക്രാനയിൽ നിന്നുള്ള വെള്ള മാർബിള്‍ കൊണ്ട് നിർമിച്ച 193 അടി ഉയരമുള്ള ഘടന ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണെന്നതിൽ സംശയമില്ല. കെട്ടിടത്തിൻ്റെ വാസ്തുവിദ്യാ രൂപകല്പന ആധുനികമോ പരമ്പരാഗതമോ ആയ ഒരു പ്രത്യേക ശൈലിയുമായി പൊരുത്തപ്പെടുന്നില്ല. എന്നിരുന്നാലും ഇത് പ്രധാനമായും പൗരസ്ത്യവാസ്തുവിദ്യാ രൂപകല്പനയിലാണെന്നാണ് വിലയിരുത്തൽ. വൈവിധ്യമാർന്ന ശൈലികൾ സമന്വയിപ്പിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്.
രാധാ സ്വാമി മഠത്തിൻ്റെ സ്ഥാപകനായ പരമപുരുഷ് പുരൻ ധനി സ്വാമിജി മഹാരാജിനാണ് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നത്. ആഗ്രയിലെ ദയാൽബാഗ് ഏരിയയിലെ സ്വാമി ബാഗ് കോളനിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അചഞ്ചലമായ വിശ്വാസത്തിൻ്റെയും തീക്ഷ്ണതയുടെയും അർപ്പണബോധത്തിൻ്റെയും തെളിവാണ് ഈ നിർമ്മാണമെന്ന് പറയപ്പെടുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് വിശ്വാസികൾ രാധാ സ്വാമിക്കുണ്ട്.
1904-ൽ അലഹബാദിൽ നിന്നുള്ള ഒരു വാസ്തുശില്പിയുടെ നേതൃത്വത്തിലാണ് പുതിയ രൂപകല്പനയുടെ പണി ആരംഭിച്ചത്. പിന്നീട് ജോലികൾ ഏതാനും വർഷത്തേക്ക് നിർത്തിവെക്കേണ്ടി വന്നു. 1922 ൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ബാക്കിയുള്ള ചില പണികൾ നടന്നുവരികയും ചെയ്യുന്നു.
31.4 അടി ഉയരമുള്ള സ്വർണം പൂശിയ ഗോപുരാഗ്രം താജ്മഹലിനേക്കാൾ ഉയരമുള്ളതാണ്. ഡൽഹിയിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചത്. ആവശ്യമുള്ള വലിപ്പത്തിൽ മാർബിൾ കല്ലുകൾ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ നിർമാണ പൂർത്തീകരണം വർഷങ്ങൾ നീണ്ടു. രാജസ്ഥാനിലെ മക്രാന, ജോധ്പൂർ ക്വാറികളിൽ നിന്നാണ് മാർബിളിൻ്റെ ഭൂരിഭാഗവും എത്തിച്ചത്. പാകിസ്‌താനിലെ നൗഷേരയിൽ നിന്നാണ് വൈവിധ്യമാർന്ന മൊസൈക് കല്ലുകൾ കൊണ്ടുവന്നത്. കൂടാതെ മധ്യ, ദക്ഷിണേന്ത്യയിലെ നദീതടങ്ങളിൽ നിന്ന് കൊത്തുപണികൾക്കുള്ള ശിലകൾ എത്തിച്ചു.
മൗണ്ട് അബു, ഉദയ്പുർ പ്രദേശങ്ങളിൽ ക്വാറികൾ പാട്ടത്തിനെടുത്തെങ്കിലും ശരിയായ ഗുണനിലവാരമുള്ള മാർബിൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നിർമാണഘട്ടത്തിൽ നേരിടേണ്ടതായി വന്നു. തൊഴിലാളികളുടെ ക്ഷാമവും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു. ഇനിയും ചെറിയ കൂട്ടിച്ചേർക്കലുകൾ അവശേഷിക്കുന്നുവെന്നാണ് നിർമാണവുമായി ബന്ധപ്പെട്ടവർ പറയുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ മോടിപിടിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
ധ്യാനത്തിനും വിശ്രമത്തിനും അനുയോജ്യമായ ഒരു പൂന്തോട്ടവും ഇവിടുണ്ട്. ആത്മീയതയുടെയും കലാപരമായ വൈദഗ്ധ്യത്തിൻ്റെയും അടയാളപ്പെടുത്തലായ വിപുലമായ കൊത്തുപണികളും ആരെയും ആകർഷിക്കുന്നതാണ്. ദിവസവും രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് സന്ദർശനാനുമതി. പ്രവേശനം സൗജന്യമാണ്. ഫോട്ടോ പകര്‍ത്തുന്നതിന് അനുവാദമില്ല. വേനൽക്കാലത്ത് ആഗ്രയിൽ ചൂട് കഠിനമായതിനാൽ മഞ്ഞുകാലത്തോ മൺസൂണിലോ ആഗ്രയും സ്വാമി ബാഗ് സമാധും സന്ദർശിക്കുന്നതാണ് ഉത്തമം.