തിരുവനന്തപുരം: മകന്റെ അഡ്മിഷനുവേണ്ടി ചെന്നപ്പോള്‍ യുവതി ദുരനുഭവം നേരിട്ട സംഭവത്തില്‍ ഇടപെട്ട് സര്‍ക്കാര്‍.  ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
 അഡ്വക്കേറ്റും സാഹിത്യകാരിയുമായ സ്മിതാ ഗിരീഷാണ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചത്. സ്മിതയുടെ മകന് കുന്നംകുളം എം ജെ ഡി സ്കൂളിൽ അഡ്മിഷനുവേണ്ടി ചെന്നപ്പോൾ ദുരനുഭവം ഉണ്ടായി എന്നാണ് അതിൽ വിവരിക്കുന്നത്.
സ്മിത ഗിരീഷിന്റെ കുറിപ്പ്:
(മകന് അഡ്മിഷൻ ചോദിച്ച് ചെന്നപ്പോൾ തുടർ പഠനം തന്ത്രപൂർവം നിഷേധിച്ച കുന്നംകുളം എം.ജെഡി ഹൈസ്ക്കൂൾ പ്രധാനാധ്യാപകൻ പി.ജി ബിജുവിനെ പറ്റിയുള്ള പരാതിയാണ് സമൂഹശ്രദ്ധ ആവശ്യപ്പെടുന്നത്)
മകനുമൊത്തുള്ള ജീവിതത്തെപ്പറ്റി മനോരമ സൺഡേ സപ്ളിമെൻറിൽ മിനിയാന്ന് ലേഖനം വന്നതേയുള്ളു. മകൻ്റെ ജീവിതത്തിന് പിന്തുണയും സ്നേഹവുമറിയിച്ച് ഇപ്പോഴും ധാരാളമാളുകൾ സന്ദേശമയക്കുന്നു, വിളിക്കുന്നു.. ആ അവസ്ഥ നിലനിൽക്കെത്തന്നെ ഈ പോസ്റ്റിൽ, പറയാൻ പോകുന്നത് അതീവ ദു:ഖകരവും സമൂഹശ്രദ്ധയും പ്രതികരണം ആവശ്യമായതുമായ ഇന്നുണ്ടായ ഒരു സംഭവത്തെപ്പറ്റിയാണ്.
മകൻ വടക്കാഞ്ചേരി റോഡിലുള്ള കുന്നംകുളം രാജശ്രീ രാമവർമ്മ എൽ പി സ്ക്കൂളിൽ നിന്നും നാലാം ക്ലാസ് കഴിഞ്ഞു. 2019,ഒരു വർഷം മുഴുവൻ ആ സ്ക്കൂളിൽ ഞാൻചിലവഴിച്ച അനുഭവ വെളിച്ചത്തിൽ ഉറപ്പിച്ച് പറയാൻ സാധിച്ച കാര്യം, കേരളത്തിലെ തന്നെ എല്ലാ സ്ക്കൂളുകളും മാതൃകയാക്കാൻ പറ്റിയ സ്ക്കൂളാണത് എന്നതാണ്. മികച്ച അധ്യാപികമാരുടെ മനസാക്ഷി കൊണ്ടും സമർപ്പണം കൊണ്ടും ആശയ വിനിമയ/ ഇതര പ്രശ്നങ്ങളുള്ള കുട്ടികളാണ് ആ സ്ക്കൂളിലെ ഏറ്റം ഓമനകൾ.
ഒരു സ്ക്കൂൾ ഒന്നടങ്കം അങ്ങനെയുള്ള കുട്ടികളെ പൊന്നുപോലെ പരിപാലിക്കുന്നു. മകനെ അവിടെയാക്കിയ 5വർഷത്തിൽ 2 വർഷം കൊറോണ ഓൺലൈൻ ക്ലാസായി കവർന്നു. എങ്കിലും ജീവിതത്തിൽ മകനെച്ചൊല്ലി ഞാൻ സമാധാനിച്ച വലിയ കാര്യങ്ങളൊന്ന് ആ സ്ക്കൂളായിരുന്നു. അവനെ ശ്രദ്ധയും സ്നേഹവും കൊടുത്ത് സംസാരിപ്പിച്ചത് അവിടുത്തെ അധ്യാപിക ആശ ടീച്ചറാണ്.ഇത്തരം സ്ക്കൂളുകളിലെ അധ്യാപികമാരുടെ മഹത്വം സംസ്ഥാന സർക്കാർ ആദരിക്ക തന്നെ വേണം. പക്ഷേ അവിടുത്തെ പഠനം അവസാനിച്ചു. ഇനി സ്ക്കൂൾ മാറണം.
അഞ്ചാം ക്ലാസ് അഡ്മിഷന് ടെൻഷനായിട്ട് കുറച്ചു ദിവസമായി. കുഞ്ഞുമായുള്ള ഈ യാത്രയിൽ അനവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അധ്യാപകരിൽ നിന്ന്, ചില തെറാപ്പിസ്റ്റുകളിൽ നിന്ന്, പല സ്ഥലങ്ങളിൽ നിന്ന്. സാധിക്കും പോലൊക്കെ ഇത്തരം അനീതികൾക്കെതിരെ ഉച്ചത്തിൽ പ്രതികരിച്ച് നീതി വാങ്ങിച്ചെടുത്തിട്ടുമുണ്ട്.
ഇന്നുണ്ടായ അനുഭവം ക്രൂരമെന്ന് തന്നെ പറയാം. വായിച്ചവർ അല്ലെങ്കിൽ പറയട്ടെ,. ഞങ്ങളുടെ കുന്നംകുളത്തുള്ള വീടിന് വളരെയടുത്താണ് ചരിത്ര പ്രസിദ്ധമായ അങ്ങാടി. അവിടെയാണ് എം.ജെഡി സ്ക്കൂൾ. മകനെ ഇനി അവിടെ ചേർത്താൽ കോടതി, വീട്, ബന്ധുമിത്രാദികൾ ഒക്കെ അടുത്താണ്. എന്തെങ്കിലും ആവശ്യം വന്നാൽ ആർക്കും ഓടിയെത്താൻ സാധിക്കും. അവിടെ ചേർക്കാം എന്നു കരുതി.പോയി ചോദിക്കണം. ഇത്തരം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസാവസരം നിഷേധിക്കാൻ സ്ക്കൂളുകൾക്ക് അനുമതിയില്ല എന്നതാണ് ആകെ ബലം.
സ്ക്കൂളിലെത്തി. ഹൈസ്ക്കൂളിലെ ഒരു ടീച്ചറും, നോൺ ടീച്ചിങ്ങ് സ്റ്റാഫും അഡ്മിഷന് ഇരിപ്പുണ്ട്.ആദ്യം സ്വാഗതം ചെയ്തു ചിരിച്ച ചിരി കാര്യം പറഞ്ഞപ്പോൾ ടീച്ചറുടെ മുഖത്ത് കണ്ടില്ല. എങ്കിലുമവർ നന്നായി പെരുമാറി. ഹെഡ്മാസ്റ്റർ ബിജു സാറിനെ വിളിക്കാം. സാർ ഇവിടടുത്ത് ബോയ്സ് ഹൈസ്ക്കൂളിൽ ട്രയിനിങ്ങിലാണ്. അര മണിക്കൂർ ഇരിക്കു എന്ന് പറഞ്ഞു.
ഞങ്ങൾ കാത്തിരുന്നു. അര മുക്കാൽ മണിക്കൂർ കഴിഞ്ഞു. മേൽപ്പറഞ്ഞ ബിജു സാർ ആഗതനായി. ചിരി വരാത്ത മുഖഭാവം. സ്റ്റാഫ് റൂം തുറന്നു. ഞങ്ങൾ മുന്നിൽ എത്തി.ഡയസ്സിലേറിയ ജഡ്ജിമാർക്കില്ലാത്ത വിധി നിർണയഭാവത്തിൽ മകനെ തൂക്കിലേറ്റാൻ കൊണ്ടു പോകുന്ന പ്രതിയെപ്പോലെ അദ്ദേഹം നിരീക്ഷിക്കയാണ്. എന്തൊരു ഘനമാണ്. എന്തൊരു കനമാണ്. മുന്നിലിരിക്കുന്ന രണ്ട് സ്ത്രീകളും കുഞ്ഞും അഭയാർത്ഥികളെന്ന ഭാവം മുഖത്ത്.
അവനോട് സാറ് പേര് ചോദിച്ചു. അവൻ പേര് മന്ത്രിച്ചു. സാറിന് തൃപ്തിയാവുന്നില്ല കുട്ടിയുടെ ഇരിപ്പുവശവും പെരുമാറ്റവുമെന്ന് മനസിലാവും. അതു കൊണ്ട്, ടെൻഷനായ അമ്മ,ഈ ഞാൻ, കുട്ടിയെപ്പറ്റി, അവൻ്റെ പാസ്റ്റ് ഹിസ്റ്ററി ഒക്കെ ലഘു വിവരണം കൊടുക്കുന്നു.
സാർ വലിയ മനുഷ്യനാണ്. ചിരിയൊന്നും വരുന്നില്ല. എങ്കിലും തല കുലുക്കി ഔദാര്യം പോലെ കേൾക്കുന്നു.പിന്നെ മൗനം. സൂചി നിലത്തിട്ടാൽ കേൾക്കാം. ഇഷാന് അവിടെ അഡ്മിഷൻ കിട്ടുമോ? ബിജു സാർ കനിയുമോ?
കമ്മ്യൂണിക്കേഷൻ പ്രശ്നമുള്ള മകനെ സൃഷ്ടിച്ച അമ്മ കുറ്റവാളിയും മകൻ പ്രതിയും അമ്മമ്മ സഹായിയുമെന്ന ഭാവമാണ് സാറിൻ്റെ ശരീരഭാഷ. ഒരു മറുപടിയുമില്ല. വലിയ വലിയ അപമാനം തോന്നി. സാറിന് എന്തെങ്കിലും പ്രശ്നമുണ്ടോ കുട്ടിയെ ഇവിടെ പ്രവേശിപ്പിക്കാൻ? കാര്യത്തിൻ്റെ കിടപ്പ് ഊഹിച്ച ഞാൻ മധുരമല്ലാത്ത മൗനം മുറിച്ച് ചോദിച്ചു.
“അതിപ്പോ ,പ്രശ്നമെന്തെന്ന് വെച്ചാൽ എൽ പി പോലല്ല, യു പിയിൽ പല അധ്യാപകർ ഉണ്ടാവും. എല്ലാവർക്കും ശ്രദ്ധിക്കാൻ സാധിച്ചെന്ന് വരില്ല ” ബിജു എഡ് മാഷ് സാവധാനം നയം വ്യക്തമാക്കി.
“അതിനർത്ഥം ഈ കുട്ടിയെ ഇവിടെ പ്രവേശിപ്പിക്കാൻ സാധിക്കില്ല എന്നാണോ?” ഞാൻ വീണ്ടും ചോദിച്ചു.
“അങ്ങനെ ഞാൻ പറഞ്ഞില്ല, പ്രായോഗിക വശമാണ് ” എഡ് മാഷ് യോഗീ ഭാവത്തിൽ ഇത്തരം കുട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി,ഞങ്ങൾക്കതിന് സമയമില്ല, ഞങ്ങൾക്ക് അധ്യാപനം എന്നത് ,നിങ്ങളുടെ പോലുള്ളവരുടെ കുറ്റം കൊണ്ടുണ്ടായ ഭിന്നശേഷിക്കുട്ടികളെ പരിശീലിപ്പിച്ചിരിക്കലല്ല ,ഈ സ്ക്കൂളിൽ നിങ്ങളുടെ മകനെ ഞങ്ങൾക്കാവശ്യമില്ലഎന്ന തന്ത്രവാദം സൂത്രത്തിൽ വ്യക്തമാക്കി. വീണ്ടും മൗനം.
ഇത് കേട്ടപ്പോൾ കൃത്യം കാര്യം മനസിലായി. ഈ സ്ക്കൂളിൽ കുട്ടിയെ പ്രവേശിപ്പിക്കാൻ ബിജു മാഷ്ക്ക് താൽപര്യമില്ല. ഇഷാൻ എന്ന കുഞ്ഞ്, വലിയ ഗൗരവതരമല്ലാത്ത,കമ്യൂണിക്കേഷൻ പ്രശ്നങ്ങളുള്ള,ഒരു സ്ക്കൂളോ, അധ്യാപകരോ മനസാക്ഷി യോടെ ശ്രദ്ധിച്ചാൽ 90% ശരിയായി നോർമൽ സാമൂഹ്യ ജീവിതം നയിക്കാൻ പ്രാപ്തനായ, ഇക്കാലഘട്ടത്തിലെ കൂടി വരുന്ന നിരവധി കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കുന്ന ഒരുവനാണ്. ഇത്തരം കുഞ്ഞുങ്ങൾക്ക് സാധാരണ സ്ക്കൂളുകളിൽ വിദ്യാഭ്യാസം ചെയ്യാൻ നിയമപരിരക്ഷയുണ്ട്. മനുഷ്യാവകാശ, ബാലാവകാശ നിയമങ്ങളുണ്ട്.ഇവരോട് മോശമായി പെരുമാറുന്ന അധ്യാപകരും സ്ക്കൂൾ സംവിധാനങ്ങളും നിയമപരമായി കുറ്റക്കാരാണ്.
ഇതൊക്കെ വകുപ്പും ചട്ടങ്ങളും Actകളും Quote ചെയ്ത് പറയാൻ താത്പര്യമില്ല. കാരണം മകൻ്റെ കാര്യത്തിൽ അഭിഭാഷക എന്ന നിലയിൽ, പ്രിവിലേജിൽ ഒരിടത്തും നീതിക്ക് വാദിക്കേണ്ട കാര്യമില്ല. കാരണം, ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരു സാധാരണ അമ്മ എന്ന നിലയിൽ, എൻ്റെ മകൻ്റെ വിദ്യാഭ്യാസാവകാശത്തിലുണ്ടാകുന്ന ഏതുതരം അപമാനവും നിരാസവും, അധികാരികളുടെ ഗൗരവ പരിഗണനയ്ക്കർഹമാണ് എന്ന ഉത്തമ ബോധ്യം തന്നെ കാരണം.അഡ്വക്കറ്റ് എന്ന നിലയിലും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായി എഴുതുന്ന സ്ത്രീ എന്ന നിലയിലും എൻ്റെ മകനു വേണ്ടി എനിക്ക് ഇത്തരം അപമാനം നേരിട്ടാൽ, പ്രതികരണ ശേഷിയില്ലാത്ത, പാവപ്പെട്ട മക്കളോടും അമ്മമാരോടും ഇത്തരം എഡ്മാഷ് മാരുടെ നയം എന്തായിരിക്കും?
സാറിന് കൃത്യമറുപടി കൊടുത്തു കുഞ്ഞും, കരയുന്ന അമ്മയുമായി. ഇറങ്ങിപ്പോന്നു.
നിങ്ങൾ വിഷമിക്കേണ്ട, നമുക്ക് ശ്രമിക്കാം.കുട്ടിയെ ചേർത്തുകൊള്ളു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്, എങ്കിലും നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. നമുക്ക് നോക്കാം. എന്നു പോലും പറയാനുള്ള മര്യാദ ബിജു പി.ജി എന്ന എം.ജെ.ഡി സ്ക്കൂൾ കുന്നംകുളം പ്രധാനാധ്യാപകൻ ഞങ്ങളോട് കാണിച്ചില്ല എന്നത് വളരെ പരിതാപകരമായി തോന്നി.
ഇത്തരം, കരുണയോ മനസാക്ഷിയോ ഇല്ലാത്ത അധ്യാപകർക്ക് എന്ത് പാoമാണ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനുള്ളത്? ഇദ്ദേഹത്തിൻ്റെ വീട്ടിൽ ഇങ്ങനൊരു കുട്ടിയുണ്ടെങ്കിൽ, ഇങ്ങനെ കഷ്ടപ്പെട്ടു വരുന്ന ഒരമ്മയെ മനസിലാകാതിരിക്കുമോ?. നമ്മുടെ അധ്യാപകർക്ക് BEd ഉം ബി രുദാനന്തര ബിരുദവും മാത്രമുണ്ടായിട്ട് കാര്യമില്ല. പലർക്കും കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങളെപ്പറ്റി അവബോധമില്ല.മനസാക്ഷിയില്ല.’
കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളുള്ള കുട്ടികളെ സംസ്ഥാനത്തെ ഏതു സ്ക്കൂളും ഒന്നാം നമ്പർ പരിഗണന കൊടുത്ത് സ്വാഗതം ചെയ്യാൻ ഗവർമെൻ്റ് തലത്തിൽ സത്വര. നടപടിയുണ്ടാവണം.
പി.ജി ബിജു എന്ന കുന്നംകുളം എം.ജെഡി സ്ക്കൂളിലെ പ്രധാനാധ്യാപകനെപ്പോലുള്ളവർ, മ ന സക്ഷിയുള്ള മികച്ച അധ്യാപകർക്ക് അപമാനമാണ്.ഇത്തരക്കാരെപ്പോലുള്ളവർ ക്ക്എ ത്ര ട്രയിനിങ്ങ് കിട്ടിയിട്ടും എത്ര വർഷത്തെ സർവീസുണ്ടായിട്ടും കാര്യമില്ല .
എൻ്റെ ജീവിതം മുഴുവൻ എൻ്റെ കുഞ്ഞിനെപ്പോലെ നിസ്സഹായരായ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള സമരമാണ്.
അഞ്ചാം ക്ലാസിൽ, ഇഷാ നെ പ്രവേശിപ്പിക്കാൻ മടിയുണ്ടെന്ന് ശരീരഭാഷയിൽ പറഞ്ഞ് ഞങ്ങളെ അപമാനിച്ച് മടക്കിയ എം ജെഡിയിലെ പ്രധാനാധ്യാപകൻ പി.ജി ബിജുവിന് ഞാൻ മാപ്പു കൊടുക്കില്ല. ഔദ്യോഗിക തലത്തിൽ പരാതിപ്പെടും.
കാരണം, നാളെ മറ്റൊരു ഭിന്നശേഷികുഞ്ഞിൻ്റെ അമ്മയും ഇങ്ങനൊരു കാരണത്തിൽ അപമാനപ്പെട്ട് മനംകെട്ട്, ഇനി ആ സ്ക്കൂളിൽ നിന്നും ഇറങ്ങിപ്പോവരുത്. ആ പെരുമാറ്റത്തിൽ അപമാനിതരായ.ഞാനും, അമ്മയും ഇന്ന് സങ്കടപ്പെടുന്നതിന് കണക്കില്ല.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *