സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴി; ജൂലൈ ആദ്യം മുതൽ നടപ്പാവും

റിയാദ്​: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’സേവനം ഔദ്യോഗികമായി ആരംഭിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ലഭ്യമാക്കുക. 

പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ ഒന്ന്​ മുതൽ ഈ സേവനം ബാധകമാകും. നിലവിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടം ഘട്ടമായാണ്​ ഇത്​ നടപ്പിലാക്കുക. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി ഒന്നിനും മൂന്ന്​ തൊഴിലാളികളുള്ള തൊഴിലുടമകൾക്ക്​ 2025 ജൂലൈ ഒന്നിനും പദ്ധതി ബാധകമാകും. രണ്ട്​ തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്‌ടോബർ ഒന്നിന്​ സേവനം ബാധകമാകും. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടുത്താനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനും തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭങ്ങളുടെ തുടർച്ചയായാണിത്​. ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും അത് സുഗമമാക്കാനുമാണ്​ മന്ത്രാലയം ഈ സേവനത്തിലുടെ ലക്ഷ്യമിടുന്നത്​. പുതിയ സേവനം വേതനം കൈമാറുന്നതിലെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുകയും ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

2022 ഏപ്രിൽ ഒന്ന്​ മുതൽ ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമായ മുസാനിദ്​ വഴി ഈ സേവനം ലഭ്യമാണെങ്കിലും ജൂലൈ ഒന്ന്​ മുതലാണ്​ ഔദ്യോഗികമായി പദ്ധതി നടപ്പിലാക്കുന്നത്​. പദ്ധതിക്ക് ഉപഭോക്താക്കളിൽ നിന്നും കക്ഷികളിൽ നിന്നും നല്ല പ്രതികരണമാണ്​ ലഭിച്ചതെന്നാണ്​ റിപ്പോർട്ട്​.  ഔദ്യോഗിക ചാനലുകളിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്ന സേവനത്തിൽ തൊഴിലുടമയ്ക്ക് നിരവധി നേട്ടങ്ങൾ ഉൾപ്പെടുന്നുണ്ട്​. 

ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകിയതിനെ സ്ഥിരീകരിക്കാൻ പദ്ധതി എളുപ്പവും സുതാര്യമാക്കുന്നു. കരാറിന്റെ അവസാനത്തിലോ തൊഴിലാളിയുടെ യാത്രവേളയിലോ തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തൊഴിലുടമക്ക്​ ഇതുവഴി സാധിക്കുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടായാൽ ഈ പദ്ധതി ഇരു കക്ഷികളെയും സംരക്ഷിക്കുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin